Kerala
കൊച്ചി: കോതമംഗലം കീരംപാറയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാന വീടിന്റെ മേല്‍ക്കൂര തകര്‍ത്തു. പുന്നേക്കാട് കൂരികുളം സ്വദേശി ഷെജി കുമാറിന്റെ വീടിന്റെ മേല്‍ക്കൂരയാണ് തകര്‍ത്തത്. ഇന്നലെ രാത്രി 11.30 ഓടെയാണ് ആന എത്തിയത്. എന്നാല്‍ വീട്ടുകാര്‍ക്ക് പരിക്കേറ്റില്ല.
കാട്ടാന ഭീതിയില്‍ പേടിച്ചാണ് ഷെജിയും മാതാപിതാക്കളും ഭാര്യയും കുട്ടികളും അടങ്ങുന്ന കുടുംബം കഴിയുന്നത്. എട്ടു വര്‍ഷമായി കാട്ടാന ഈ പ്രദേശത്ത് എത്തുന്നുണ്ട്. ആനയെ ഓടിച്ചു വിടുമെങ്കിലും ആന തിരിച്ചെത്തും. നേരത്തെ രാത്രിയാണ് ആന എത്തിക്കൊണ്ടിരുന്നതെങ്കില്‍ ഇപ്പോള്‍ വൈകുന്നേരം ആറിനുള്ളില്‍ ജനവാസ മേഖലയില്‍ എത്തുകയാണ്.
വനംവകുപ്പ് ഉദ്യോഗസ്ഥരോട് നടപടി എടുക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ ഒരു തീരുമാനവും ഉണ്ടായിട്ടില്ല. ഇന്നലെ രാത്രി ഒരു കാട്ടാന മാത്രമാണ് എത്തിയതെങ്കിലും ദിവസങ്ങള്‍ക്ക് മുമ്പ് ഒരു കൊമ്പനും രണ്ടു പിടിയാനുകളും ഒരു കുട്ടിയാനയുമാണ് പ്രദേശത്ത് എത്തിയത് എന്നാണ് ഷെജി കുമാര്‍ പറയുന്നത്.
District News
മരോട്ടിച്ചാൽ: പുത്തൂർ - പാണഞ്ചേ രി പഞ്ചായത്തുകളിലെ മലയോര പ്രദേശങ്ങളായ വെള്ളക്കാരിത്തടം, മാന്ദാമംഗലം, മരോട്ടിച്ചാൽ, ചെന്നായ്പാറ, തെക്കേകുളം തുടങ്ങിയ സ്ഥലങ്ങളിൽ കാട്ടാനശല്യം രൂക്ഷമായതിൽ പ്രതിഷേധിച്ചാണു മാന്ദാമംഗലം ഫോറസ്റ്റ് ഓഫീസിലേക്ക് ജനകീയസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. പള്ളിത്താഴം സെന്ററിൽനിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് മാന്ദാമംഗലം ഫോറസ്റ്റ് സ്റ്റേഷന് മുന്നിൽ സമാപിച്ചു. തുടർന്നു നടന്ന പ്രതിഷേധ ധർണ കെ. രാജൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
പുത്തൂർ, പാണഞ്ചേരി പഞ്ചാ യത്തിലെ മലയോരമേഖലകളിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിക്കുകയും ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാവുകയും ചെയ്യുന്ന സാഹചര്യത്തിലാണു സമരസമിതി രൂപീകരിച്ച് പ്രതിഷേധം സംഘടിപ്പിച്ചത്. ജനകീയസമിതി ജോയിന്റ് കൺവീനർ ബി.എസ്. എഡിസൺ അധ്യക്ഷത വഹിച്ചു.
മാധ്യമപ്രവർത്തകൻ ജോർജ് പൊടിപ്പാറ, പുത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി റെജി, ബ്ലോക്ക് പഞ്ചായത്തംഗം ടി.കെ. ശ്രീനിവാസൻ, പഞ്ചായത്തംഗങ്ങളായ സിബി അജി, റെജി പുറ്റാനിയിൽ, ജോസി ബേബി, വിവിധ രാ ഷ്ട്രീയ കക്ഷി പ്രതിനിധികളായ ബിജോയ് തോമസ്, ഷിബു പോൾ, പി.എസ്. ബാബു, കനിഷ്കൻ, ബാബു തോമസ്, സമരസമിതി കൺവീനർ ബാബു പനയ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
മനുഷ്യജീവനെക്കാൾ പ്രാധാന്യം വന്യമൃഗങ്ങൾക്ക്: പഞ്ചായത്ത് പ്രസിഡന്റ്
വടക്കാഞ്ചേരി: മനുഷ്യജീവനെക്കാൾ സർക്കാരുകൾ പ്രാധാന്യം നൽകുന്നതു വന്യമൃഗങ്ങൾക്കാണെന്ന് മുള്ളൂർക്കര പഞ്ചായത്ത് പ്രസിഡന്റ്് എൻ.എസ്. വർഗീസ് പത്രസമ്മേളനത്തിൽപറഞ്ഞു. മുള്ളൂർക്കര പഞ്ചായത്തിന്റെ വനാതിർത്തി പ്രദേശങ്ങളിൽ നിരന്തരമായി കാട്ടാനയിറങ്ങുന്നതും കൃഷികൾ നശിപ്പിക്കുന്നതും നിത്യസംഭവമായിമാറിയിരിക്കുകയാണന്നും ജനങ്ങൾ ഭീതിയോടെയാണു ജീവിക്കുന്നതെന്നും പഞ്ചായത്ത് പ്രസിഡന്റ്് പറഞ്ഞു.
കഴിഞ്ഞ ദിവസം വാഴക്കോട് - പ്ലാഴി സംസ്ഥാന പാതയിൽ ആനകളിറങ്ങി നിരവധി കർഷകരുടെ വിവിധയിനം കൃഷികൾ നശിപ്പിച്ചു. പ്രദേശവാസികൾ വിവരമറിയിച്ചിട്ടും പോലീസ് സ്ഥലത്തെത്താതിരുന്നത് മോശമായെന്നും പ്രസിഡന്റ്് പറഞ്ഞു. ഇനിയെങ്കിലും ആനവിഷയം ഉണ്ടാകുമ്പോൾ ചെറുതുരുത്തി - വടക്കാഞ്ചേരി പോലീസ് സ്റ്റേഷനുകളിൽനിന്നും ഇടപെടലുകൾ ഉണ്ടാകണമെന്നും വർഗീസ് കൂട്ടിചേർത്തു.
തൃശൂർ - പാലക്കാട് ദേശീയപാതയിൽ കുതിരാനിൽ തുരങ്കപാത നിർമിച്ചതോടെയാണു ഷോളയാർ വനത്തിൽനിന്നും ആനകൾ കൂട്ടത്തോടെ മച്ചാട് വനമേഖലയിലേക്കു കടന്നതെന്നും അകമല ഉൾപ്പടെയുള്ള ഫോറസ്റ്റ് സ്റ്റേഷനുകൾ അനാഥാലയങ്ങളായിമാറിയെന്നും അത് ഉടൻ തുറന്നുപ്രവർത്തിക്കാൻവേണ്ട നടപടികൾ ഉടൻ അധികൃതർ കൈക്കൊള്ളണമെന്നും വർഗീസ് പറഞ്ഞു.
കാട്ടാന ശല്യത്തിന് ശ്വാശ്വതപരിഹാരംതേടി പഞ്ചായത്ത് ഭരണസമിതിഅംഗങ്ങൾ വനംമന്ത്രി ഷിബു ബേബിജോണിനെ നേരിൽക്കണ്ട് വിവരങ്ങൾ ധരിപ്പിക്കും. കുതിരാനിൽ അടിയന്തര സോളാർ ഫെൻസിംഗ് നടത്തി ആനകളെ റിവേഴ്സ്ഡ്രൈവ് നടത്തി തിരിച്ചയക്കുന്നതിനായുള്ള ചർച്ചയാണ് പ്രധാനമായും മന്ത്രിയെക്കണ്ട് നടത്തുക.
പിആർടി അംഗങ്ങൾക്ക് ഫോ റസ്റ്റ് ഡിപ്പാർട്ടുമെന്റുമായി ചേർന്ന് കൂടുതൽ പരിശീലനം നൽകും. യു.ആർ. പ്രദീപ് എംഎൽഎ, കെ. രാധാകൃഷ്ണൻ എംപി എന്നിവർക്കു നിവേദനം നൽകും. ആനകളെസൂക്ഷിക്കുക എന്നമുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും.
പത്രസമ്മേളനത്തിൽ പ്രസിഡന്റിനെക്കൂടാതെ ഭരണസമിതി അംഗങ്ങളാ യ കെ. നാരായണൻകുട്ടി, കെ.എ. മൊഹിയുദ്ദീൻ, കെ.ഇ. മീന, ജലജ ശശി തുടങ്ങിയവർ പങ്കെടുത്തു.
Kerala
കൊച്ചി: കോതമംഗലത്ത് ജനവാസമേഖലകളിലിറങ്ങി വ്യാപക നാശനഷ്ടം സൃഷ്ടിച്ചതിനെ തുടർന്ന് റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞു. പോസ്റ്റുമോർട്ടം നടപടികൾ ഞായറാഴ്ച രാവിലെ നടക്കും. പിണ്ടിമന, കോട്ടപ്പടി പഞ്ചായത്തുകളിലെ ജനവാസമേഖലകളിൽ വ്യാപക നാശനഷ്ടം സൃഷ്ടിച്ചതിനെ തുടർന്നാണ് മയക്കുവെടി വച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ചത്.
ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതിയോടെ രൂപീകരിച്ച വിദഗ്ധ സമിതിയുടെ ശിപാർശ പ്രകാരമായിരുന്നു മൂന്ന് ദിവസം മുൻപ് നടപടി. ആനയുടെ വായയ്ക്ക് പരിക്കുകൾ ഉണ്ടായിരുന്നു. ഉൾക്കാട്ടിൽ മറ്റ് കാട്ടാനകളുമായി സംഘർഷമുണ്ടായി ശരീരത്തിൽ പരിക്കുകളും ഉണ്ടായിരുന്നുവെന്നാണ് വിവരം.
Kerala
കോതമംഗലം: ഒരു മാസത്തോളമായി നാട്ടുകാരുടെ ഉറക്കം കെടുത്തുന്ന പിടിയാനയെ തളയ്ക്കാനുള്ള ശ്രമങ്ങള്‍ അവസാനഘട്ടത്തില്‍. പിണ്ടിമന, കോട്ടപ്പടി പഞ്ചായത്ത് പ്രദേശത്ത് പകല്‍സമയത്തുള്‍പ്പെടെ സ്ഥിരം സാന്നിധ്യമായ ആനയെ, ഇന്നു രാവിലെ മയക്കുവെടി വച്ചു. ആനയെ പിടികൂടി റേഡിയോ കോളറും തെര്‍മല്‍ കാമറയും ഘടിപ്പിച്ച് ജനവാസ മേഖലയില്‍ നിന്ന് മാറ്റാനാണു ശ്രമം.
നിലവില്‍ കോട്ടപ്പടി കണ്ണക്കട ഭാഗത്ത് വനത്തിനുള്ളിലാണ് ആനയുള്ളത്. ഇന്നു രാവിലെ 8.15 നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ആദ്യത്തെ മയക്കുവെടി വച്ചത്. വെടിയേറ്റെങ്കിലും ആന വനത്തിലൂടെ നടന്നുനീങ്ങുകയാണ്. ദൗത്യസംഘം ആനയ്ക്കു പിന്നാലെയുണ്ട്. ആന പൂര്‍ണമായി മയങ്ങിയ ശേഷമാകും റേഡിയോ കോളറും കാമറയും ഘടിപ്പിക്കുക.
ആനയുടെ ശല്യത്തിനെതിരെ ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും ശക്തമായ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് മയക്കുവെടിവച്ച് പിടികൂടി റേഡിയോ കോളറും തെര്‍മല്‍ കാമറയും ഘടിപ്പിച്ച് ജനവാസ മേഖലയില്‍ നിന്ന് മാറ്റാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ഡോ. പ്രമോദ് ജി. കൃഷ്ണന് ഉദ്യോഗസ്ഥര്‍ക്ക് ഉത്തരവ് നല്‍കിയത്.
ആനയുടെ ഇടത് കീഴ്ത്താടിയില്‍ പരിക്ക് ഏറ്റിട്ടുള്ളതായി കണ്ടെത്തി. കാട്ടാനക്കൂട്ടത്തില്‍ നിന്ന് ഒറ്റതിരിഞ്ഞ് ജനവാസമേഖലയോട് ചേര്‍ന്ന് വെള്ളം സുലഭമായി ലഭിക്കുന്ന ഇടങ്ങളില്‍ ആന സുരക്ഷിതമായി തമ്പടിക്കാനും ഇത് കാരണമായിട്ടുണ്ട്.
ആനയെ നിരീക്ഷിക്കുന്നതിനായി പ്രത്യേകം വെറ്ററിനറി സംഘം രൂപീകരിക്കണമെന്നും ആനയെ വിശദമായി പരിശോധിച്ച് പരിക്കിന്റെ കാരണം കണ്ടെത്തണമെന്നും വിവരം റിപ്പോര്‍ട്ട് ചെയ്യണമെന്നും ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചിട്ടുണ്ട്.
ആനയുടെ ദേഹത്ത് പിടിപ്പിക്കാനുള്ള റേഡിയോ കോളറും അനുബന്ധ സാമഗ്രികളും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. വനം വകുപ്പിന്റെയും പോലീസിന്റെയും വലിയ സംഘവും നാട്ടുകാരും ആനയെ പിടികൂടാനുള്ള ശ്രമങ്ങളിലുണ്ട്.
ബുധനാഴ്ചയും കൃഷിയിടങ്ങളിലൂടെ ചുറ്റിത്തിരിഞ്ഞ ആനയെ തുരത്താന്‍ വനപാലകര്‍ എത്തിയത് ഏറെ വൈകിയാണ്. ആനയെ ഓടിച്ചുവിടാന്‍ അനുവദിക്കില്ലെന്ന്, നാട്ടുകാര്‍ ഉറച്ച നിലപാടെടുത്തു. ഇതിനിടയിലാണ് ഷിബു തെക്കുംപുറം എംഎല്‍എ മന്ത്രിതലത്തിലും ഉന്നതഉദ്യോഗസ്ഥ തലത്തിലും ഇടപെടലുകള്‍ നടത്തിയത്.
ആനയെ മയക്കുവെടിവച്ച് പിടികൂടി സ്ഥലത്തുനിന്ന് മാറ്റുന്നതിനുള്ള നടപടിയെടുക്കാന്‍ മന്ത്രി ഷിബു ബേബി ജോണ്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. ഇതിനു പിന്നാലെ വെറ്ററിനറി ഡോക്ടറും എസിഎഫ് ജ്യോതിഷ് ഒഴാക്കലും റേഞ്ച് ഓഫീസര്‍ ലുധീഷും ഉള്‍പ്പെടെയുള്ളവര്‍, ആന തമ്പടിച്ച സ്ഥലത്ത് എത്തി പരിശോധന നടത്തി.
Kerala
കൊച്ചി: കോതമംഗലം പിണ്ടിമന പഞ്ചായത്തില്‍ തമ്പടിച്ച കാട്ടാനയെ മയക്കുവെടി വയ്ക്കാന്‍ അനുമതി. മയക്കുവെടി വയ്ക്കുന്നതിനായി വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍ ഡിഎഫ്ഒക്ക് അനുമതി നല്കി.
ഒരു മാസക്കാലമായി പിണ്ടിമന പഞ്ചായത്തിലെ ജനങ്ങളില്‍ ഭീതി സൃഷ്ടിച്ച് തമ്പടിച്ച കാട്ടാന ഇപ്പോള്‍ വൈറ്റിലപ്പാറ ഭാഗത്ത് 14-ാം വര്‍ഡിലാണ് നിലയുറപ്പിച്ചിട്ടുള്ളത്.
നേരത്തെ കാട്ടാനയെ ഉള്‍വനത്തിലേക്ക് തുരത്താന്‍ എറണാകുളം ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചിട്ടും നടപടി ഉണ്ടായിരുന്നില്ല. ജനവാസ മേഖലയില്‍ എത്തിയ കാട്ടാന കൃഷയിടങ്ങളില്‍ നാശം വരുത്തുകയും വൈദ്യുതി കണക്ഷന് കേബിളുകള്‍ പൊട്ടിച്ചു കളയുകയും ചെയ്തിരുന്നു.
Kerala
ഇടുക്കി: സംസ്ഥാനത്ത് കാട്ടാന ആക്രമണത്തിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു. മറയൂര്‍ കാന്തല്ലൂരില്‍ മധ്യവയസ്കന് കൊല്ലപ്പെട്ടത് കാട്ടാന ആക്രമണത്തിലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
മുരുകന്റെ മരണം കാട്ടാന ആക്രമണത്തിലാണെന്ന് പോസ്റ്റ്മോര്‍ട്ടം പരിശോധനയുടെ പ്രാഥമിക റിപ്പോര്‍ട്ടിലാണ് വ്യക്തമാക്കുന്നത്. വ്യാഴാഴ്ചയാണ് ചുരക്കുളം ഉന്നതിയിലെ മുരുകന് മരിച്ചത്. മുരുകന്റെ മരണം കാട്ടാന ആക്രമണത്തിലല്ല എന്നായിരുന്നു വനംവകുപ്പിന്റെ വാദം.
എന്നാല്‍ മുരുകന്റെ മുതുകില്‍ കാട്ടാനയുടെ ചവിട്ട് ഏറ്റിട്ടുണ്ട്. വാരിയെല്ലുകളും ഒടിഞ്ഞിട്ടുണ്ട് എന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. മൂന്നാര്‍ ഡിവൈഎസ്പിയുടെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയില്‍ ബന്ധുക്കള്‍ക്ക് അഞ്ച് ലക്ഷം രൂപ വനംവകുപ്പ് കൈമാറാന്‍ തീരുമാനമായി. പണം നല്കിയാല് മാത്രമേ മൃതദേഹം ഏറ്റുവാങ്ങുകയുള്ളുവെന്നായിരുന്നു ബന്ധുക്കളുടെ നിലപാട്.
Kerala
മറയൂര്‍: കാട്ടാന ആക്രമണത്തില്‍ ആദിവാസി മരിച്ചു. മറയൂര്‍ ചുരക്കുളം സ്വദേശി മുരുകന് (55) ആണ് മരിച്ചത്. ജോലിക്ക് പോയി തിരിച്ചുവരവേ പാമ്പന്‍പാറ ഭാഗത്ത് കാട്ടാനയുടെ മുന്നില്‍പ്പെട്ട മുരുകന് ഓടി രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ വീണു മരിച്ചെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
എന്നാല്‍ പോസ്റ്റുമോര്‍ട്ടത്തില്‍ മാത്രമേ കാട്ടാന ആക്രമണത്തിലാണോ മരണം സംഭവിച്ചതെന്ന് വ്യക്തമാകു എന്ന് വനംവകുപ്പധികൃതര്‍ പറഞ്ഞു. കാട്ടാന ആക്രമണത്തിലാണ് മുരുകന് മരിച്ചതെന്ന് കാന്തലൂര് പഞ്ചായത്ത് പ്രസിഡന്റ് എസ്.ശിവന് രാജ് പറഞ്ഞു.
സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ വനംവകുപ്പ് വാഹനത്തിനു മുന്നില്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഏതാനും ദിവസം മുമ്പാണ് ചിന്നക്കനാല്‍ സൂര്യനെല്ലിയില്‍ മകനെ സ്കൂളിലയയ്ക്കാന്‍ പോയ വീട്ടമ്മ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
Kerala
എടക്കര (മലപ്പുറം): മൂത്തേടം പാലാങ്കരയിൽ കരിന്പുഴയോരത്ത് തീറ്റ തേടിയെത്തിയ കാട്ടാന ജലനിധിയുടെ കിണറ്റിൽ വീണു. ഇന്നലെ രാവിലെ പത്തരയോടെയാണു പാലാങ്കര കരിന്പുഴ പാലത്തിന് സമീപം പുഴയോട് ചേർന്നുള്ള ജലനിധിയുടെ കിണറ്റിൽ കാട്ടാന വീണ നിലയിൽ കാണപ്പെട്ടത്.
ഉച്ചയ്ക്ക് പന്ത്രണ്ടോടെ ആനയെ കിണറ്റിൽനിന്നു കരയ്ക്കു കയറ്റി. തീറ്റതേടിയിറങ്ങിയ കാട്ടാന ബുധനാഴ്ച രാത്രിയാണ് കിണറ്റിൽ വീണത്. ആന ചവിട്ടിയതോടെ കിണറിനു മുകളിലെ കോണ്‍ക്രീറ്റ് സ്ലാബ് തകർന്ന് ആന കിണറ്റിൽ വീഴുകയായിരുന്നു. സമീപത്തെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ ജോലിക്കെത്തിയ തൊഴിലാളികളാണ് കാട്ടാനയെ കിണറ്റിൽ വീണ നിലയിൽ കണ്ടത്.
നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കിണറിന്റെ റിംഗുകൾ പൊട്ടിച്ച് ആനയെ പുറത്തെത്തിച്ച് വനത്തിലേക്ക് കയറ്റുകയായിരുന്നു. വിവരമറിഞ്ഞ് നിരവധി ആളുകളാണ് കിണറ്റിൽ വീണ ആനയെ കാണാൻ പ്രദേശത്ത് തടിച്ചു കൂടിയത്.
Kerala
മലപ്പുറം: കരുളായി പാലാങ്കരയിൽ കാടിറങ്ങിയ ആന കൃഷിയിടത്തിലെ കിണറ്റിൽ വീണു. കരുളായി പാലാങ്കര വലിയ പാലത്തിനു സമീപം സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ ആൾമറയില്ലാത്ത കിണറ്റിലാണ് ആന വീണത്.
നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്നു വനപാലകരുടെ സംഘം സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.
ജെസിബി ഉപയോഗിച്ച് കിണറിന്റെ വ്യാപതി കൂട്ടി ആനയെ കരയ്ക്കെത്തിക്കുകയായിരുന്നു.
Kerala
കോതമംഗലം: മാമലക്കണ്ടത്ത് വീടിനു മുന്നിലെത്തിയ കാട്ടാനയെ തുരത്താന്‍ വനം വാച്ചര്‍ പടക്കം പൊട്ടിച്ചപ്പോള്‍ വിരണ്ടോടി വന്ന കാട്ടാനയ്ക്കു മുന്നിൽനിന്ന് ഭയന്നോടി വീണ് ആദിവാസിക്കു പരിക്ക്.
എളംബ്ലാശേരി ആദിവാസി ഉന്നതിയിലെ മോഹനന് മാരി(54)ക്കാണു പരിക്കേറ്റത്. ചൊവ്വാഴ്ച രാത്രി പത്തിനായിരുന്നു സംഭവം.
മാരിയുടെ വീടിനു മുന്നിലെത്തിയ ആനയെ തുരത്താന്‍ വനം വാച്ചര്‍ പടക്കം പൊട്ടിച്ചപ്പോള്‍ വിരണ്ട ആന പടക്കം പൊട്ടിയ ഭാഗത്തേക്ക് ഓടിയെത്തി.
ഓടിയടുത്ത ആനയ്ക്കു മുന്നിൽപ്പെട്ട് ഭയന്നോടി മാറവേ തട്ടിവീണ മാരിയുടെ ഇടതു കാല്‍മുട്ടിനാണ് പരിക്കേറ്റത്. സമീപത്തെ ക്ലിനിക്കില്‍ ചികിത്സ തേടി. വനപാലകരെ വിവരം അറിയിച്ചിട്ടും എത്തിയില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്.
Kerala
തിരുവനന്തപുരം: കോട്ടൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ ബൈക്ക് യാത്രികർക്ക് ഗുരുതര പരിക്ക്. കോട്ടൂർ കാപ്പകാട് ഇരപ്പുപാറയ്ക്ക് സമീപമാണ് സംഭവം.
മീൻപിടിത്തം കഴിഞ്ഞ് മടങ്ങിവരികയായിരുന്ന ചേനാൻപാറ സെറ്റിൽമെന്റിൽ താമസിക്കുന്ന പ്രണവ് (24), ചന്ദ്രബാബു (28) എന്നിവർക്കാണ് പരിക്കേറ്റത്.
ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വനാതിർത്തി മേഖലയായതിനാൽ പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
Kerala
തിരുവനന്തപുരം: കന്യാകുമാരി കീരിപ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു. പുതുക്കോട്ടെ സ്വദേശി രവി(47)യ്ക്കാണ് പരിക്കേറ്റത്.
കീരിപ്പാറ എസ്റ്റേറ്റില്‍ ഗ്രാമ്പു പറിക്കാന്‍ എത്തിയതായിരുന്നു രവി. ഷെഡ്ഡില്‍ വിശ്രമിക്കുന്നതിനിടെ ഒറ്റയാന് ആക്രമിക്കുകയായിരുന്നു. വയറ്റില്‍ ആനയുടെ കുത്തേറ്റ രവിയെ ആശാരിപ്പളളം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
കേരളാ-തമിഴ്നാട് അതിര്‍ത്തി പ്രദേശത്ത് ഇക്കഴിഞ്ഞ മൂന്നാം തീയതിയും കാട്ടാന ആക്രമണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്ന് ആനയുടെ ആക്രമണത്തില്‍ കാഞ്ഞിരംപാറ സ്വദേശി രാജേഷ് കൊല്ലപ്പെട്ടിരുന്നു. നെയ്യാറ്റിന്‍കര വെളളറടയ്ക്ക് സമീപം പേണുവിലാണ് കാട്ടാന ആക്രമണമുണ്ടായത്.
Kerala
അഗളി: അട്ടപ്പാടിയിൽ രണ്ടിടങ്ങളിൽ കാട്ടാനയുടെ ആക്രമണത്തിൽ മൂന്നു പേർക്കു പരിക്കേറ്റു. അഗളി പുതൂർ പഞ്ചായത്തിലെ മുള്ളി സ്വദേശി വെള്ളിങ്കിരി (30), ഷോളയൂർ പഞ്ചായത്തിലെ പെട്ടിക്കൽ വടക്കേടത്ത് ബിൻസി ഷാജി (51), ഓട്ടോഡ്രൈവർ പെട്ടിക്കൽ സ്വദേശി പ്രസാദ് (48) എന്നിവർക്കാണു പരിക്കേറ്റത്. ഇവരെ കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ പുലർച്ചെ നാലോടെ മുള്ളിപ്പുഴയുടെ സമീപത്തുനിന്നാണു വെള്ളിങ്കിരിക്ക ുനേരെ ആക്രമണമുണ്ടായത്. വെള്ളിങ്കിരിക്കു ഗുരുതര പരിക്കേറ്റു.
അഗളി ഗവ. ഹൈസ്കൂളിൽ ജീവനക്കാരിയായ ബിൻസി, പ്രസാദിന്റെ ഓട്ടോറിക്ഷയിൽ സഞ്ചരിക്കവേ പുലർച്ചെ 5.30ഓടെയാണ് കാട്ടാനയുടെ മുന്‍പിൽപെട്ടത്. ചിറ്റൂർ ജംഗ്ഷനുസമീപം ശിരുവാണിപ്പുഴയ്ക്കു കുറുകെയുള്ള പാലത്തിനടുത്തു മറഞ്ഞു നിന്ന കാട്ടാന ഓട്ടോ കുത്തിമറിച്ചു.
കാട്ടിലേക്കു തെറിച്ചുവീണ ഓട്ടോയിൽനിന്ന് ഡ്രൈവർ പ്രസാദ് പരിക്കുകളോടെ ഓടിരക്ഷപ്പെടുകയായിരുന്നു. പ്രസാദ് അറിയിച്ചതനുസരിച്ച് ഓട്ടോറിക്ഷയുടെ അടിയിൽപ്പെട്ട ബിൻസിയെ പെട്ടിക്കല്ലിൽനിന്ന് ആളുകളെത്തിയാണു രക്ഷപ്പെടുത്തിയത്.
സമീപത്തുതന്നെ നിലയുറപ്പിച്ച കാട്ടാന ആക്രമിച്ചേക്കുമെന്ന ഭയത്തിൽ ശബ്ദമുണ്ടാക്കാതെ വേദന കടിച്ചമർത്തി ബിൻസി ഏറെനേരം കിടന്നു. പഞ്ചായത്തംഗം ജി. ഷാജു, അറയ്ക്കൽ പ്രദീപ്, മിനർവ പ്രദീപ് എന്നിവർ സ്ഥലത്തെത്തി ഓട്ടോ ഉയർത്തി ബിൻസിയെ രക്ഷിക്കുകയായിരുന്നു. മുഖത്തും വാരിയെല്ലിനും ഇടതുകാലിനും ബിൻസിക്കു പരിക്കേറ്റിട്ടുണ്ട്.
വനം-റവന്യു ഉദ്യോഗസ്ഥർ, പോലീസ്, പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവർ സംഭവസ്ഥലത്തെത്തി. ഏതാനും ആഴ്ചകളായി അട്ടപ്പാടിയിൽ കാട്ടാനശല്യമുണ്ട്.
Kerala
മാനന്തവാടി: കാട്ടാന ആക്രമണത്തില്‍ വയോധികന് പരിക്ക്. കാട്ടിക്കുളം പുളിമൂടുകുന്ന് മിച്ചഭൂമിയിലെ രാജു (65) വിനാണ് പരിക്കറ്റത്. ഇന്നു രാവിലെ പത്തോടെയാണ് സംഭവം.
വീടിനു സമീപം ജോലിയിലായിരുന്ന രാജുവിനെ ആന തട്ടിവീഴ്ത്തുകയായിരുന്നു. തലയ്ക്കാണ് കാര്യമായ പരിക്ക്. ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജനവാസകേന്ദ്രത്തില്‍നിന്നു വനസേനാംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് തുരത്തുന്നതിനിടെയാണ് ആന രാജുവിന്റെ വീടിനടുത്തുകൂടി കടന്നുപോയത്.
Kerala
കോതമംഗലം: എറണാകുളം കോതമംഗലത്തു കാട്ടാന ആക്രമണം രൂക്ഷം. കുട്ടമ്പുഴ പിണവൂര്‍കുടിയില്‍ ഇന്നു പുലര്‍ച്ചെയെത്തിയ കാട്ടാനക്കൂട്ടം വീടിന്റെ മുകളിലേക്കു പനമരം മറിച്ചിട്ടു. പൊട്ടനാനിക്കല്‍ ബിനോയിയുടെ വീടിന്റെ മേല്‍ക്കൂരയിലേക്കാണ് മരം മറിച്ചിട്ടത്. വീട് ഏതാണ്ട് പൂർണമായി തകർന്ന അവസ്ഥയിലാണ്.
പുലര്‍ച്ചെ മൂന്നോടെ ഒച്ച കേട്ട വീട്ടിലെ താമസക്കാരായ രാജന്, ഭാര്യ അനിത, ഇവരുടെ പത്തു വയസുകരി മകള്‍ എന്നിവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. കാട്ടാനശല്യം മൂലം വീടിനു പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയാണെന്നും വന്യമൃഗശല്യത്തിനു ശാശ്വത പരിഹാരം കാണണമെന്നും വാര്‍ഡ് മെമ്പര്‍ ബിന്ദു രാജേന്ദ്രന് പറഞ്ഞു.
ആറേഴ് വര്‍ഷമായി പ്രദേശത്തു കാട്ടാനയുടെ ശല്യം രൂക്ഷമാണ്. മൂന്നു കോടി രൂപയുടെ ട്രഞ്ച്, ഫെന്‍സിംഗ് സംവിധാനങ്ങള്‍ ഒരുക്കിയിരുന്നെങ്കിലും ഇതൊക്കെ നശിപ്പിച്ചാണ് പ്രദേശത്ത് കാട്ടാനക്കൂട്ടം എത്താറുള്ളത്. സന്ധ്യ കഴിഞ്ഞാല്‍ പുറത്തേക്ക് ഇറങ്ങാന്‍ സാധിക്കാത്ത സാഹചര്യമാണ് എന്നാണ് നാട്ടുകാര്‍ പറയുന്നത്.
Kerala
കോഴിക്കോട്: കൂരാച്ചുണ്ടിലെ ജനവാസമേഖലയിൽ വീണ്ടും കാട്ടാന ഇറങ്ങി. ഇന്ന് പുലർച്ചെ രണ്ടോടെ മണ്ടോപ്പാറ വരിക്കാലിക്കൽ ബെന്നിയുടെ വീടിന് സമീപത്താണ് ആനയെ കണ്ടത്. ഇതോടെ പ്രദേശവാസികൾ ഭീതിയിലാണ്.
പ്രദേശത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാട്ടാനശല്യം രൂക്ഷമായി തുടരുകയാണ്. ഇതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് വീണ്ടും കാട്ടാന ജനവാസമേഖലയിലിറങ്ങിയത്. ആർആർടി സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ആനയെ കണ്ടെത്താനായിട്ടില്ല.
Kerala
ഇടുക്കി: ചിന്നക്കനാൽ സൂര്യനെല്ലിയിൽ ഇന്ന് രാവിലെ യുവതിയെ ചവിട്ടിക്കൊലപ്പെടുത്തിയ കാട്ടാന വീണ്ടും ജനവാസമേഖലയിൽ. സൂര്യനെല്ലി ടൗണിനോട് ചേർന്നുള്ള സ്ഥലത്ത് ആന നിലയുറപ്പിച്ചതോടെ പ്രദേശവാസികൾ ഭീതിയിലാണ്.
ആർആർടി സംഘം സ്ഥലത്തെത്തി പടക്കം പൊട്ടിച്ചും മറ്റും ആനയെ തുരത്താനുള്ള ശ്രമം തുടരുകയാണ്. സൂര്യനെല്ലി സ്വദേശി മാരി(36) ആണ് രാവിലെ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ഒപ്പമുണ്ടായിരുന്ന ഇവരുടെ കുട്ടിക്കും പരിക്കുണ്ട്. കുട്ടിയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ പരിക്ക് ഗുരുതരമല്ല.
കുട്ടിയെ സ്കൂളിൽ വിടാൻ പോകുന്നതിനിടെ ഇവർ കാട്ടാനയുടെ മുന്നിൽപെട്ട് പോകുകയായിരുന്നു. മൂടൽമഞ്ഞ് ഉണ്ടായിരുന്നതിനാൽ ആന സമീപത്തുളളത് തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നാണ് വിവരം.
Kerala
കൊച്ചി: പെരുമ്പാവൂര്‍ വേങ്ങൂരില്‍ ജനവാസ മേഖലയില്‍ വീണ്ടും കാട്ടാന. ഇന്ന് പുലര്‍ച്ചെ പാണിയലിയില്‍ സ്വകാര്യ വ്യക്തിയുടെ വീട്ടുമുറ്റത്താണ് രണ്ടു കാട്ടാനകള്‍ എത്തിയത്. വീട്ടുകാര്‍ ബഹളം വച്ചതോടെ ആനകള്‍ കാട് കയറി.
കാട്ടാന ശല്യം രൂക്ഷമായ മേഖലയാണിത്. കാട്ടാനയുടെ ആക്രമണത്തില്‍ വേങ്ങൂരില്‍ കഴിഞ്ഞ ദിവസം ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. കടയില്‍ നിന്നും തിരിച്ചു മടങ്ങിയ ആളെയാണ് കാട്ടാന ആക്രമിച്ചത്.
District News
കൂത്തുപറമ്പ്: കാട്ടാന ശല്യം രൂക്ഷമായ കണ്ണവം മേഖലയിൽ എംഎൽഎമാരായ വി.കെ. സനോജ്, പി.കെ. പ്രവീൺ എന്നിവർ സന്ദർശിച്ചു. പ്രശ്നം വനം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് എംഎൽഎമാർ പറഞ്ഞു. ഇന്നലെ രാവിലെയാണ് കണ്ണവം മേഖലയിലെ വെളുമ്പത്ത്, കാണിയൂർ തുടങ്ങിയ പ്രദേശങ്ങൾ എംഎൽഎമാർ സന്ദർശിച്ചത്.
കണ്ണവം വനമേഖലയോട് ചേർന്നുള്ള വെളുമ്പത്ത്, കാണിയൂർ, പന്ന്യോട്, അതൃകുഴി തുടങ്ങിയ പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ കാട്ടാനകളിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. ഈ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് രണ്ട് എംഎൽഎമാരും കഴിഞ്ഞദിവസം വനം മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.
Kerala
ഗൂഡല്ലൂർ: നെല്ലാക്കോട്ട പഞ്ചായത്തിലെ ബിദർക്കാടിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു. ബിദർക്കാട് കൈവട്ട ഓടോടംവയൽ സ്വദേശി ഭാസ്കരനാണ് (52) മരിച്ചത്.
ചൊവ്വാഴ്ച പാട്ടവയൽ കൈവട്ടയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് ഇദ്ദേഹത്തെ കാട്ടാന ആക്രമിച്ചത്.
ഗുരുതര പരിക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയായിരുന്നു മരണം. ഭാര്യ: തമിഴ് സെൽവി. മക്കൾ: സുമൻ, സുധ.
Kerala
അതിരപ്പിള്ളി: വനം മന്ത്രി ഷിബു ബേബി ജോൺ സഞ്ചരിച്ച വാഹനം കാട്ടാനയുടെ മുന്നിൽപ്പെട്ടു.
വൈശേരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പുല്ലാർക്കാട് മോഹനന്റെ വീടും സംഭവസ്ഥലവും സന്ദർശിക്കാൻ അതിരപ്പിള്ളിയിൽ എത്തിയതായിരുന്നു മന്ത്രി.
വിശ്രമത്തിനായി വാഴച്ചാൽ ഐബിയിലേക്ക് പോകവേ ഞായറാഴ്ച രാത്രി 11ന് ചാർപ്പയിൽവച്ചാണു വാഹനം കാട്ടാനയുടെ മുന്നിൽപ്പെട്ടത്.മന്ത്രിയുടെ വാഹനത്തിന്റെ മുന്നിൽ പോയിരുന്ന പോലീസ് ജീപ്പിനരികേ കാട്ടാന നിലയുറപ്പിച്ചു. മന്ത്രിയുടെ വാഹനം ഉൾപ്പെടെ ഇതോടെ നിർത്തിയിട്ടു.
ഏറെനേരം കഴിഞ്ഞാണ് കാട്ടാന റോഡിൽനിന്നു മാറി വനത്തിലേക്കു കയറിപ്പോയത്. ഇതിനുശേഷം മന്ത്രി വാഴച്ചാലിലേക്കു പോയി.
Kerala
കോതമംഗലം: മാമലക്കണ്ടത്ത് കാട്ടാനക്കൂട്ടം വീട് ആക്രമിച്ചു. ചാമപ്പാറ മാവിന്‍ചുവട് കോട്ടയ്ക്കകത്ത് ഡെനീഷ് ജോസഫിന്റെ വീടാണു തകര്‍ത്തത്. പലവട്ടം കാട്ടാനകൾ ആക്രമിച്ച വീടാണിത്. സംഭവസമയത്ത് വീട്ടിൽ ആരുമില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ഇന്നലെ രാവിലെ 6.45ഓടെയായിരുന്നു സംഭവം.
ഡെനീഷിന്റെ പിതാവ് ജോസഫാണ് ഇവിടെ താമസിച്ചിരുന്നത്. കാന്‍സര്‍ ബാധിതനായ ജോസഫിനെ ആശുപത്രിയില്‍ കൊണ്ടുപോയശേഷം തിരികെയെത്തി അന്നു രാത്രി ഡെനീഷിന്റെ വീട്ടിലാണു താമസിച്ചത്. ഇന്നലെ പുർച്ചെ വീട്ടിലേക്കു തിരികെയെത്തിയപ്പോള്‍ വീട്ടുമുറ്റത്തും പരിസരത്തുമായി ആനക്കൂട്ടം നില്ക്കുന്നതാണു കണ്ടതെന്ന് ഡെനീഷ് പറഞ്ഞു.
വീട് വാസയോഗ്യമല്ലാത്ത വിധം തകർത്തനിലയിലാണ്. ഒച്ചവച്ചാണ് ആനക്കൂട്ടത്തെ തുരത്തിയത്. എട്ടു മാസത്തിനിടെ നാലാം തവണയാണ് ഡെനീഷിന്റെ വീട് ആനക്കൂട്ടം തകര്‍ക്കുന്നത്. ഇതിനുമുമ്പ് ഫെബ്രുവരിയിലായിരുന്ന ആക്രമണം. ഇക്കുറി വീടിന്റെ മൂന്നു ജനല്പ്പാളികളും ഭിത്തിയും തകര്‍ത്തു. വീടിനകത്തു കയറി പുതിയ കട്ടിലും വീട്ടുസാധനങ്ങളും നശിപ്പിച്ചു. അരിയും പലവ്യഞ്ജനങ്ങളും പാത്രങ്ങളും റേഷന്‍ കാര്‍ഡും പത്തു ദിവസത്തേക്ക് വാങ്ങിയ 4000 രൂപ വിലയുള്ള മരുന്നടക്കം പൂര്‍ണമായും നശിപ്പിച്ചു.
മൂന്നു തവണ ആനക്കൂട്ടം വീട് തകര്‍ത്തിട്ടും വനം വകുപ്പ് അധികൃതരെത്തി പരിശോധന നടത്തി പോയെങ്കിലും പട്ടയം ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടി ഇതുവരെ യാതൊരുവിധ സാമ്പത്തികസഹായവും നൽകിയിട്ടില്ലെന്ന് ഡെനീഷ് പറഞ്ഞു.
ആന പുരയിടത്തില്‍ പ്രവേശിക്കാതിരിക്കാന്‍ ട്രഞ്ച് താഴ്ത്താനും പുരയിടത്തിലെ മരംമുറിക്കാനും വനം വകുപ്പ് അധികൃതര്‍ അനുമതി നൽകുന്നില്ല. എന്നാൽ സമീപത്തെ പല റിസോര്‍ട്ടുകള്‍ക്കും വഴിവിട്ട സഹായം ഇവർ ചെയ്യുന്നുണ്ട്. നാലു പ്രാവശ്യമായി കാട്ടാന വീട് തകര്‍ത്തതിലൂടെ 15 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ട്.
Kerala
കൊച്ചി: കോതമംഗലം കുട്ടമ്പുഴയിൽ വീടിന് നേരെ കാട്ടാനയുടെ ആക്രമണം. മാമലക്കണ്ടം സ്വദേശി ഡെനീഷ് ജോസഫിൻ്റെ വീടാണ് കാട്ടാന അക്രമിച്ചത്.
രാവിലെയാണ് കാട്ടാനക്കൂട്ടം വീട്ടുമുറ്റത്ത് എത്തിയത്. കതകടക്കം നശിപ്പിച്ചാണ് കാട്ടാനകൾ മടങ്ങിയത്. രണ്ട് വര്‍ഷത്തിനിടെ ഇത് നാലാം തവണയാണ് കാട്ടാനകൾ വീടിനു നേരെ നീങ്ങുന്നത്.
പലപ്പോഴായി നഷ്ടപരിഹാരം ആവശ്യപ്പെട്ട് അധികൃതരെ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലമെന്ന് പറയുന്നു കുടുംബം.
Kerala
കൽപ്പറ്റ: വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. പുത്തുമല സ്വദേശി ജെസിയാണ് മരിച്ചത്. ഭർത്താവുമായി സ്കൂട്ടറിൽ പോകുമ്പോഴാണ് കാട്ടാന ആക്രമിച്ചത്.
മേപ്പാടി കള്ളാടിയിൽ വച്ചാണ് കാട്ടാന ആക്രമണമുണ്ടായത്. ഇവരുടെ ഭർത്താവ് ഷാജിക്കും പരിക്കേറ്റു. സംഭവത്തെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
പ്രദേശത്ത് മനുഷ്യ-മൃഗ സംഘർഷം പതിവാകുകയാണെന്നും, ജനങ്ങളുടെ ജീവന് സംരക്ഷണം നൽകാൻ വനംവകുപ്പ് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ നേരത്തെയും ആവശ്യപ്പെട്ടിരുന്നു.
Kerala
കൊച്ചി: കോതമംഗലത്ത് കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കോതമംഗലം പൊങ്ങൻചുവട് ഉന്നതിയിലെ പുഷ്പാകരൻ വെള്ളക്കയ്യൻ ആണ് മരിച്ചത്.
വനവിഭവങ്ങൾ ശേഖരിക്കാനായി കാട്ടിൽ പോയപ്പോഴാണ് കാട്ടാന ആക്രമണം ഉണ്ടായത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Kerala
പത്തനംതിട്ട: കെഎസ്ഇബി ഉദ്യോഗസ്ഥനു നേരേ കാട്ടാന ആക്രമണം. മൂഴിയാർ ശബരിഗിരി പവർ ഹൗസിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ ശൂരനാട് സ്വദേശി ഷിബു തങ്കപ്പനു (50 ) ആണ് പരിക്ക്.
ഷിഫ്റ്റ് ഡ്യൂട്ടി കഴിഞ്ഞ് മൂഴിയാർ സബ് ഡിവിഷനിലേക്ക് ഉച്ചകഴിഞ്ഞ് 1.30ഓടെ ബൈക്കിൽ തിരികെ പോകുമ്പോൾ വനമേഖലയിൽ വേലുത്തോടിനു സമീപത്തായിരുന്നു ആക്രമണം.
ആനകൾ കടന്നുപോകുന്ന ആനത്താര ഭാഗത്താണ് ആക്രമണമുണ്ടായത്. ആനയുടെ ചവിട്ടേറ്റ് കാലിന്റെ എല്ലിന് ഒടിവും ദേഹമാസകലം പരിക്കുമുണ്ട്.
അവശനായി റോഡിൽ കിടന്ന ഇദ്ദേഹത്തെ ഇതു വഴി വന്ന മറ്റൊരു കെഎസ്ഇബി ജീവനക്കാരനും ഊരിലെ കുട്ടികളും ചേർന്ന് സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയ ശേഷം വിവരം പവർഹൗസിൽ അറിയിക്കുകയും ഉടനെ ആംബുലൻസിൽ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.
National
ഗൂഡല്ലൂർ: നീലഗിരി ജില്ലയിൽ കാട്ടാന ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. മസിനഗുഡി ക്വാറിക്കു പിന്നിലുള്ള സിദ്ദപ്പജി ക്ഷേത്രത്തിലെ പൂജാരി രാജപ്പൻ (40), കോത്തഗിരി കെങ്കരയിലെ താളമൊക്കൈ ഗ്രാമത്തിലെ രഘു (28) എന്നിവരാണു കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
മസിനഗുഡിയിലെ ക്ഷേത്രത്തിലെ പൂജ കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് രാജപ്പനെ കാട്ടാന ആക്രമിച്ചത്. ഇയാൾ സംഭവസ്ഥലത്ത് മരിച്ചു. വിവരമറിഞ്ഞ് പോലീസും വനംവകുപ്പും സ്ഥലത്തെത്തി മൃതദേഹം ഊട്ടി ഗവ. മെഡിക്കൽ കോളജിലേക്കു മാറ്റി.
താളമൊക്കൈ ആദിവാസി ഗ്രാമത്തിലെ രഘു വീട്ടിൽനിന്ന് ക്ഷേത്രത്തിലേക്കു പോകുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണത്തിന് ഇരയായത്. ഇദ്ദേഹവും സംഭവ സ്ഥലത്തു മരിച്ചു. വിവരമറിഞ്ഞ് പോലീസും വനംവകുപ്പും സ്ഥലത്തെത്തി മൃതദേഹം ഊട്ടി ഗവ. മെഡിക്കൽ കോളജിലേക്കു മാറ്റി.
ഈ മാസം എട്ടിന് അയ്യംകൊല്ലി മുരിക്കുംപാടിയിലും കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. അഞ്ചു ദിവസത്തിനിടെ മൂന്നു പേരാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മാരിയമ്മാളാണ് രഘുവിന്റെ ഭാര്യ. മക്കൾ: ശിവജി, ജയശ്രീ.
Kerala
കൊച്ചി: എറണാകുളം നേര്യമംഗലം വനമേഖലയില്‍ കാട്ടാന ചരിഞ്ഞനിലയില്‍. നേര്യമംഗലം റേഞ്ചിന് കീഴില്‍ വരുന്ന വാളറ കുളമാംകുടി ഭാഗത്താണ് ചൊവ്വാഴ്ച വൈകുന്നേരത്തോടെ കാട്ടാനയെ ചരിഞ്ഞനിലയില്‍ കണ്ടെത്തിയത്.
വൈദ്യുതി ലൈനില്‍ നിന്നു ഷോക്കേറ്റ് ചരിഞ്ഞുവെന്നാണ് നിഗമനം. ജനവാസ മേഖലയില്‍ ഇറങ്ങാറുള്ള ഒറ്റക്കൊമ്പനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
പ്രദേശത്തെ കൃഷി ഭൂമിയിലെ വിളകള്‍ നശിപ്പിരുന്ന ഒറ്റക്കൊമ്പന് ആണിത്. നേര്യമംഗലം റേഞ്ചിലെ വനപാലകര്‍ സ്ഥലത്തെത്തി പ്രാഥമിക പരിശോധനകള്‍ നടത്തി. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി വരികയാണ്. ആനയുടെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ ശരിയായ മരണകാരണം വ്യക്തമാവുകയുള്ളു.
Kerala
പാലക്കാട്: അട്ടപ്പാടിയില്‍ അമ്മയാന ഉപേക്ഷിച്ച കുട്ടിയാന ധോണി ആന പരിപാലന കേന്ദ്രത്തിൽ ചികിത്സയിലിരിക്കെ ചരിഞ്ഞു. അബ്ബന്നൂരില്‍ പാറയിടുക്കില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയ കുട്ടിയാനയാണ് ചരിഞ്ഞത്.
ഏപ്രിൽ 14ന് ആയിരുന്നു ജനിച്ച് മണിക്കൂറുകള്‍ മാത്രം പ്രായമുളള ആനക്കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പാറക്കെട്ടിനിടയില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്. പിന്നാലെ പുറത്തെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയിരുന്നു.
തുടർന്ന് താത്കാലിക താവളം ഒരുക്കി സംരക്ഷണം നല്‍കുകയായിരുന്നു. തിരികെ കൊണ്ടുപോകാന്‍ ആനക്കൂട്ടം എത്തുമെന്ന പ്രതീക്ഷയിലായിരുന്നു താത്കാലിക സംരക്ഷണ കേന്ദ്രം ഒരുക്കി കുട്ടിയാനയെ വനത്തിൽ തന്നെ പാർപ്പിച്ചത്.
തുടർന്ന് ആനക്കൂട്ടം തിരികെ വരാതായതോടെ ഒരാഴ്ച മുന്‍പാണ് കുട്ടിയാനയെ ധോണി ആന പരിപാലന കേന്ദ്രത്തിലേക്ക് ചികിത്സയ്ക്കായി മാറ്റിയത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ജഡം സംസ്കരിച്ചു.
Kerala
കോഴിക്കോട്: പെരുവണ്ണാമുഴിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ തുരത്തുന്നതിനിടെ കാട്ടാന നെഞ്ചിൽ കമ്പി തുളഞ്ഞു കയറി ചരിഞ്ഞു. പെരുവണ്ണാമുഴി പയ്യാനിക്കോട്ടയിലാണ് സംഭവം.
ജനവാസമേഖലയിലെത്തിയ കാട്ടാനക്കൂട്ടത്തെ തുരത്താൻ വനംവകുപ്പ് ഉദ്യോഗസ്ഥർ പടക്കംപൊട്ടിച്ചു. ഇതോടെ, അക്രമാസക്തയായ കൂട്ടത്തിലെ പിടിയാന ജീവനക്കാർക്ക് നേരെ പാഞ്ഞടുത്തു. സമീപത്തെ വീട്ടിൽ കയറിയാണ് വനം വകുപ്പ് ജീവനക്കാർ രക്ഷപ്പെട്ടത്.
അതിനിടെ, അക്രമാസക്തയായ ആന അടുത്തുണ്ടായിരുന്ന കാർ ഷെഡ് തകർത്തു. ഇതിനിടെ ഷെഡിന്റെ ഇരുമ്പ് തൂണ് ആനയുടെ നെഞ്ചിലേക്ക് തുളച്ചുകയറുകയായിരുന്നു. ഗുരുതര പരിക്കോടെ തോട്ടത്തിലേക്ക് കയറിയ ആനയെ രാവിലെ ചരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു.
National
സുള്ള്യ: സുള്ള്യയിൽ കേരള അതിർത്തിക്കു സമീപമുള്ള ജനവാസ മേഖലയിൽ കിണറ്റിൽ വീണ കാട്ടാനയെ കർണാടക വനംവകുപ്പ് ജീവനക്കാർ രക്ഷപ്പെടുത്തി കാടുകയറ്റി.
കഴിഞ്ഞദിവസം രാത്രിയാണ് 20 വയസ് തോന്നിക്കുന്ന കാട്ടാന വനാതിർത്തിക്കു സമീപമുള്ള കൃഷിയിടത്തിലെ കിണറ്റിൽ അകപ്പെട്ടത്. കിണറ്റിൽ വെള്ളം ഏതാണ്ട് വറ്റിയ നിലയിലായിരുന്നു. രാവിലെ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് അധികൃതർ അഞ്ചു മണിക്കൂറിലേറെ നീണ്ട പ്രയത്നത്തിനൊടുവിലാണ് ആനയെ കരകയറ്റിയത്.
ജെസിബി ഉപയോഗിച്ച് കിണറിന്റെ ഒരു ഭാഗം ഇടിച്ചാണ് ആനയ്ക്ക് കരകയറാൻ വഴിയൊരുക്കിയത്. കരയിലെത്തിയ ആനയെ പടക്കം പൊട്ടിച്ച് കാട്ടിലേക്ക് തുരത്തുകയായിരുന്നു. ഇവിടെ ജനവാസമേഖലയിൽ കാട്ടാനയിറങ്ങുന്നത് പതിവാണെന്ന് നാട്ടുകാർ പറഞ്ഞു.
ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡോ. വി. കരികാലൻ, ഡെപ്യൂട്ടി കൺസർവേറ്റർ അന്തോണി മാരിയപ്പ, അസി. കൺസർവേറ്റർ പ്രശാന്ത് കുമാർ പൈ, സുബ്ബയ്യ നായ്ക്, ബി.എം. കിരൺ, വിമൽ ബാബു എന്നിവർ രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി.
Kerala
ഇരിട്ടി: ആറളം പുനരധിവാസ മേഖലയിൽ കാട്ടാന വീണ്ടും കുടിൽ തകർത്തു. വീട്ടിൽ അന്തിയുറങ്ങിയ മൂന്നു പേർ ആനയുടെ പിടിയിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടു. ബ്ലോക്ക് ഒമ്പത് പൂക്കുണ്ടിലെ ഓമന ബാബുവിന്റെ പുരയിടത്തിലെ ഷെഡ് ആണ് ആന തകർത്തത്. കഴിഞ്ഞ ദിവസം പുലർച്ചെ 5.45 ഓടെയായിരുന്നു ആനയുടെ ആക്രമണം.
ശബ്ദംകേട്ട് വളർത്തുനായ കുരച്ച് ബഹളം വച്ചതോടെ ഓടിയടുത്ത ആന കുടിലിനു നേരേ ആക്രമണം നടത്തുകയായിരുന്നു. ഇതിനിടെ വീട്ടുകാര്‍ ഉണർന്നു. കുടിലിന് പിറകുവശം തകർക്കുന്നതിനിടയിൽ ഷെഡിലെ താമസക്കാരായ അമ്മിണിയും മറ്റ് കുടുംബാംഗങ്ങളും മുൻഭാഗത്തുകൂടി പുറത്തിറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. ഓമനയുടെ ബന്ധുക്കളായ അമ്മിണി, മഹേഷ്, അമ്മു എന്നിവരാണ് ഷെഡിൽ ഉണ്ടായിരുന്നത്.
അമ്മിണിക്ക് ഒമ്പതാം ബ്ലോക്കിൽ സ്വന്തമായി സ്ഥലവും വീടും ഉണ്ടെങ്കിലും കാട്ടാനശല്യം രൂക്ഷമാണ്. സമീപ വീടുകളിൽ താമസക്കാർ ഇല്ലാതായതോടെ മേഖലയിൽ തനിച്ചായ അമ്മിണി ബന്ധുവായ ഓമന ബാബുവിന്റെ പുരയിടത്തിൽ കുടിൽ കെട്ടി കഴിയുകയായിരുന്നു.
അപകടകരമായ സാഹചര്യത്തിൽ കഴിയുന്ന നിരവധി കുടുംബങ്ങളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി താമസിപ്പിക്കാനുള്ള നടപടിയും ഉണ്ടായിട്ടില്ല. 15 ജീവിതങ്ങൾ കാട്ടാനയ്ക്ക് മുന്നിൽ പൊലിഞ്ഞ പുനരധിവാസ മേഖലയിൽ ഒരു വർഷത്തിനിടെ പത്താമത്തെ കുടിലാണ് കാട്ടാന തകർക്കുന്നത്.
Kerala
സുൽത്താൻ ബത്തേരി: വടക്കനാട്, വള്ളുവാടി മേഖലകളിൽ ആഴ്ചകളോളം ഭീതി പരത്തിയ മുട്ടിക്കൊന്പനെ വനസേന മയക്കുവെടിവച്ച് പിടിച്ച് മുത്തങ്ങയിലെ പന്തിയിലാക്കി. തുന്പിക്കൈക്ക് പരിക്കുള്ള ആനയ്ക്ക് ചികിത്സ തുടങ്ങി.
13 ദിവസം നീണ്ട ദൗത്യത്തിനൊടുവിൽ വെള്ളിയാഴ്ച പുലർച്ചെ താത്തൂർ സെക്ഷനിലെ ഓനച്ചൻ കവലയിലാണ് ആനയിൽ വിജയകരമായി മയക്കുവെടി പ്രയോഗിച്ചത്.
മാർച്ച് നാലിന് വടക്കനാടിൽ യുവകർഷകൻ രജീവ് (37) കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇതേത്തുടർന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവായതനുസരിച്ചാണ് പ്രത്യേക ദൗത്യസംഘം രൂപീകരിച്ച് ആനയെ പിടിച്ചത്.
രാത്രികാലങ്ങളിൽ വൈദ്യുതവേലി തകർത്ത് കൃഷിയിടങ്ങളിലിറങ്ങി നാശം വിതയ്ക്കുന്ന സ്വഭാവക്കാരനാണ് മുട്ടിക്കൊന്പൻ.
വെടിയേറ്റ് മയങ്ങിയ ആനയെ മുത്തങ്ങ പന്തിയിലെ കുംകിയാനകളുടെ സഹായത്തോടെയാണ് വനത്തിന് പുറത്തെത്തിച്ചത്. പിന്നീട് റേഡിയോ കോളർ ഘടിപ്പിച്ചു.
തുന്പിക്കൈയിൽ പരിക്കുള്ളതിനാൽ കാട്ടിൽ സ്വയം ഭക്ഷണം തേടാൻ ബുദ്ധിമുട്ടുമെന്ന് നിരീക്ഷിച്ചാണ് പന്തിയിലെത്തിച്ച് ചികിത്സിക്കാൻ തീരുമാനിച്ചത്.
പരിക്ക് ഭേദമാകുന്നതുവരെ ആനയെ മുത്തങ്ങ ക്യാന്പിൽ പരിചരിക്കും. പിന്നീട് ഉൾക്കാട്ടിൽ തുറന്നുവിടാനാണ് പദ്ധതി.
Kerala
കൽപറ്റ: വയനാട്ടിലെ വടക്കനാട് – വള്ളുവാടി മേഖലയിൽ ഭീതി പരത്തിയ കാട്ടാന മുട്ടിക്കൊമ്പനെ 13 ദിവസത്തെ ദൗത്യത്തിനൊടുവിൽ വനംവകുപ്പ് ദൗത്യസംഘം മയക്കുവെടി വച്ചു. ‘താത്തൂർ ടസ്കർ 1’ എന്ന് വനംവകുപ്പ് രേഖകളിൽ പേരു നൽകിയ കാട്ടാനയെയാണ് പിടികൂടിയത്.
ഇന്നു പുലർച്ചെ ആരംഭിച്ച ദൗത്യത്തിനിടെ താത്തൂർ സെക്ഷനിൽ ഓനച്ചൻ കവലയിൽ വച്ചാണ് ആനയെ മയക്കുവെടി വച്ചത്. കുങ്കിയാനകളുടെ സഹായത്തിൽ മുട്ടിക്കൊമ്പനെ ലോറിയിൽ കയറ്റി മുത്തങ്ങ ആനപ്പന്തിയിൽ എത്തിക്കും.
ആനയെ പിടികൂടാൻ ഫോറസ്റ്റ് ചീഫ് വെറ്ററിനറി സർജൻ ഡോ. അരുൺ സഖറിയ, ബയോളജിസ്റ്റ് വിഷ്ണു തുടങ്ങിയവരുടെ നേതൃത്വത്തിൽ എൺപത് അംഗ വനംവകുപ്പ് സംഘമാണ് ദൗത്യം പൂർത്തിയാക്കിയത്. കൂടാതെ, മുത്തങ്ങ ആനപ്പന്തിയിലെ വിക്രം, സൂര്യ, പ്രമുഖ, ഉണ്ണികൃഷ്ണൻ, കോന്നി സുരേന്ദ്രൻ എന്നീ കുങ്കിയാനകളെയും പ്രദേശത്ത് നിയോഗിച്ചിരുന്നു.
മാർച്ച് നാലിന് ബത്തേരി വടക്കനാടിൽ ഈ കാട്ടാനയുടെ ആക്രമണത്തിൽ യുവകർഷകൻ പച്ചാടി കദങ്ങത്ത് നടുവീട്ടിൽ രജീവ് (37) കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെ നാട്ടുകാർ ശക്തമായി പ്രതിഷേധിച്ചതോടെയാണ് ആനയെ പിടികൂടാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടത്.
Kerala
സുൽത്താൻബത്തേരി: വയനാട്ടിലെ മാവേലി കൂടല്ലൂരിൽ വീട്ടുമുറ്റത്ത് കാട്ടാന ആക്രമണത്തിൽ വയോധികയ്ക്ക് ഗുരുതര പരിക്ക്. കൈതവേലിയിൽ തങ്കമ്മയ്ക്കാണ്(85)പരിക്കേറ്റത്.
ഞായറാഴ്ച രാവിലെ 6.10നാണ് സംഭവം. തങ്കമ്മയുടെ രണ്ട് കാലുകളുടെയും എല്ല് പൊട്ടി. വാരിയെല്ലിനും പരിക്കുണ്ട്. ശുചിമുറിയിൽ പോകുന്നതിന് വീട്ടുമുറ്റത്തേക്ക് ഇറങ്ങിയപ്പോൾ തൊട്ടടുത്തുനിന്നു കാട്ടാന പാഞ്ഞെത്തി ആക്രമിക്കുകയായിരുന്നു.
ആന കാലിന് തട്ടിത്തെറിപ്പിച്ച തങ്കമ്മ സമീപത്തെ കുഴിയിൽ വീണു. തങ്കമ്മയെ കുത്താനും ആന ശ്രമിച്ചു. ശരീരത്തിന് പുറകിൽ കൊമ്പിന്റെ പാടുകൾ ഉണ്ട്. വീട്ടുകാർ ബഹളംവച്ച് എത്തിയതോടെ ആന കാട്ടിലേക്ക് കയറി. തങ്കമ്മയെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Kerala
സുൽത്താൻ ബത്തേരി: വയനാട് വടക്കനാട് ജനവാസ മേഖലയിലിറങ്ങുന്ന കാട്ടാനയെ പിടികൂടാനുള്ള ശ്രമം തുടരുന്നു. വള്ളുവാടി വനമേഖലയിൽ രാവിലെ ആറോടെ ദൗത്യ സംഘം ആനയെ കണ്ടെത്തിയിരുന്നു. തുടർന്ന് ആനയെ പിടികൂടാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
വൈകുന്നേരവും ആനയെ കണ്ടെത്തി മയക്കുവെടി വയ്ക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് വൈകിട്ടോടെ ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു.
ശനിയാഴ്ചയും ദൗത്യം തുടരുമെന്നാണ് വിവരം. സാഹചര്യങ്ങൾ അനുകൂലമായാൽ കാട്ടാനയെ മയക്കുവെടി വെക്കുമെന്നാണ് വനംവകുപ്പ് അറിയിക്കുന്നത്. യുവകർഷകനായ രജീവിനെ കാട്ടാന ആക്രമിച്ചു കൊന്നതിന് പിന്നാലെ പ്രദേശത്ത് പ്രതിഷേധം ഉയർന്നിരുന്നു.
തുടര്‍ന്നാണ് കാട്ടാനയെ പിടികൂടാനായി കുങ്കിയാനകളെ അടക്കം എത്തിച്ചുള്ള ദൗത്യം ആരംഭിച്ചത്. വയനാട് ആര്‍ആര്‍ടി സംഘത്തിന്റെ നേതൃത്വത്തിലാണ് കാട്ടാനയെ പിടികൂടാനുള്ള ദൗത്യം നടക്കുന്നത്. കഴിഞ്ഞ ദിവസം കാട്ടാനയ്ക്കുനേരെ മയക്കുവെടി വച്ചിരുന്നെങ്കിലും ലക്ഷ്യം കണ്ടിരുന്നില്ല.
Kerala
പാലക്കാട്: അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ ആയിരുന്ന ഗൃഹനാഥന് മരിച്ചു. കടമ്പാറ ഉന്നതിയിലെ രങ്കസ്വാമി ആണ് മരിച്ചത്. ഈ മാസം ഒന്‍പതിനാണ് വീടിനു മുന്നില്‍ വച്ച് കാട്ടാന ആക്രമിച്ചത്.
പുലര്‍ച്ചെ ഷോളയൂരിലെ ഉന്നതിക്ക് സമീപമുള്ള തോട്ടിലേക്ക് നടക്കുമ്പോഴാണ് രങ്കസ്വാമിയെ കാട്ടാന ആക്രമിച്ചത്. ആക്രമണത്തില്‍ ഇദ്ദേഹത്തിന്റെ നട്ടെല്ലിന് കാര്യമായി പരിക്കേറ്റിരുന്നു. ആദ്യം കോട്ടത്തറയിലെ ട്രൈബല്‍ താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Kerala
മൂന്നാർ: മൂന്നാറിൽ വീണ്ടും ഭീതിപരത്തി പടയപ്പ കൊന്പന്റെ വിളയാട്ടം. മൂന്നാർ -ഉദുമൽപേട്ട് അന്തർ സംസ്ഥാന പാതയിലായിരുന്നു വാഹനയാത്രക്കാരെ ഭീതിയിലാഴ്ത്തി കൊന്പൻ വാഹനങ്ങൾക്കു നേരേ ആക്രമണത്തിനും തുനിഞ്ഞു. കൊമ്പന്റെ മുന്നിൽ പെട്ട ഒരു കാറും അതിലെ യാത്രക്കാരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പാഞ്ഞെത്തിയ കൊമ്പൻ കാർ കുത്തിമറിക്കാൻ ശ്രമിക്കുകയായിരുന്നു.
രണ്ടു മൂന്നുവട്ടം കാർ കുത്തിമറിക്കാനും തള്ളിനീക്കാനും പടയപ്പ ശ്രമിച്ചു. അതിനിടെ, മനഃസാന്നിധ്യം വിടാതെ ഡ്രൈവർ കാർ സ്റ്റാർട്ട്ചെയ്യുകയും മുന്നോട്ടു നീക്കുകയുമായിരുന്നു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. അന്തര്‍ സംസ്ഥാന പാതയില്‍ തലയാര്‍ ഭാഗത്തു സഞ്ചരിക്കുകയായിരുന്ന പടയപ്പ അതു വഴി എത്തിയ എല്ലാ വാഹനങ്ങളെയും ആശങ്കയിലാഴ്ത്തി. ഈ വഴി സഞ്ചരിച്ച കാര്‍ കൊമ്പന്റെ ആക്രമണത്തില്‍നിന്ന് അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്.
കാറിന്റെ മുകള്‍ഭാഗത്തു തുമ്പിക്കൈകൊണ്ട് അമര്‍ത്തിയതോടെ കാറിന്റെ പിന്‍ഭാഗത്തെ ചില്ലുകള്‍ തകര്‍ന്നു. കാറിനെ ആക്രമിക്കുന്നതു കണ്ട മറ്റു വാഹനങ്ങളിലുള്ളവര്‍ ഉച്ചത്തില്‍ ഹോണടിച്ചു പിന്തിരിപ്പിക്കാന് ശ്രമിച്ചെങ്കിലും മാറാതെനിന്ന പടയപ്പെയെ വെട്ടിച്ചു കാര്‍ മുന്നോട്ടെടുത്തു യാത്രക്കാര്‍ രക്ഷപ്പെടുകയായിരുന്നു. മറ്റൊരു പിക്കപ്പ് വാനിന്റെ സമീപത്ത് എത്തി ഉരസിയ പടയപ്പ മറ്റു വാഹനങ്ങളുടെ സമീപത്തേക്കു പാഞ്ഞടുത്തിരുന്നു.
മദപ്പാട് കണ്ടെത്തിയതിനെത്തുടര്‍ന്നു കഴിഞ്ഞ ഏതാനും ദിവസങ്ങളായി വനം വകുപ്പിന്റെ നിരിക്ഷണത്തിലായിരുന്ന പടയപ്പ ഒരിടവേളയ്ക്കു ശേഷമാണ് വീണ്ടും മൂന്നാറിലെ റോഡിലിറങ്ങി ഭീഷണി ഉയര്‍ത്തുന്നത്. മൂന്നു മാസങ്ങള്‍ക്കു മുമ്പാണ് പടയപ്പയ്ക്കു മദപ്പാട് ഉണ്ടെന്നു വനം വകുപ്പ് സ്ഥിരീകരിച്ചത്.
പിന്നീട് പടയപ്പയെ നിരീക്ഷിക്കാന്‍ റാപ്പിഡ് റെസ്പോണ്‍സ് ടീമിന്റെ രണ്ടു സംഘങ്ങളെയും ചുമതലപ്പെടുത്തിയിരുന്നു. എസ്റ്റേറ്റ് ജനവാസമേഖലകളില്‍ തുടര്‍ന്നു വരുന്നതിനിടയിലായിരുന്നു മദപ്പാട് കണ്ടെത്തിയത്. ഇതും ജനങ്ങളില്‍ ആശങ്ക ഉണര്‍ത്തിയിരുന്നു. വാഹനത്തെ ആക്രമിച്ചതോടെ പടയപ്പയെ നിയന്ത്രിക്കാന്‍ കൂടുതല്‍ ഫലപ്രദമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുകയാണ്.
Kerala
കല്‍പ്പറ്റ: വയനാട് സുൽത്താൻ ബത്തേരി വടക്കനാട്, വള്ളുവാടി ജനവാസ മേഖലകളിൽ ഭീതിപരത്തിയ താത്തൂര്‍ ടസ്കര്‍ വണ്‍ എന്ന കാട്ടാനയെ മയക്കുവെടി വച്ച് പിടികൂടാൻ ശ്രമം. ആനയെ ഇന്ന് പുലര്‍ച്ചെ മയക്കുവെടി വച്ചെങ്കിലും കൃത്യമായിരുന്നില്ല. ഇതേത്തുടർന്ന് ഇന്നത്തെ ദൗത്യം ആര്‍ആര്‍ടി അവസാനിപ്പിച്ചു. ആന വനംവകുപ്പിന്റെ നിരീക്ഷണത്തിൽ തുടരുകയാണ്.
കാട്ടാന ആക്രമണത്തിൽ പ്രദേശത്ത് നേരത്തെ യുവ കര്ഷകൻ കൊല്ലപ്പെട്ടിരുന്നു. കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനയെ ഓടിക്കാൻ പോയ വടക്കനാട് പച്ചാടി സ്വദേശി രജീവിനെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ഇതിനു പിന്നാലെ ആനയെ പിടികൂടാത്തതിൽ പ്രതിഷേധവും ഉയര്‍ന്നിരുന്നു.
ഇതിനിടെയാണ് ആനയെ പിടികൂടാനുള്ള ദൗത്യം ആരംഭിച്ചത്. മയക്കുവെടി വെച്ച് പിടികൂടിയശേഷം ആനയെ മുത്തങ്ങയിലെ ആനപ്പന്തിയിലേക്ക് മാറ്റും.
Kerala
പുതുക്കാട് (തൃശൂർ): ചിമ്മിനി ഉള്‍ക്കാട്ടില്‍ ഫോറസ്റ്റ് വാച്ചറെ കാട്ടാന ചവിട്ടിക്കൊന്നു. എച്ചിപ്പാറ ഉന്നതിയിലെ മലയന്‍ വീട്ടില്‍ പരേതനായ ബാലകൃഷ്ണന്റെ മകൻ കുമാര്‍ (42) ആണു മരിച്ചത്.
ഇന്നലെ രാവിലെ മംഗലം ഡാമിന്റെയും ചിമ്മിനി ഡാമിന്റെയും അതിര്‍ത്തിപ്രദേശമായ ഒളകരയിലായിരുന്നു സംഭവം. ഫയര്‍ലൈന്‍ ജോലിക്കായി പോയ ആറംഗസംഘത്തിനുനേരേയാണ് പിടിയാനയുടെ ആക്രമണമുണ്ടായത്.
ആനയുടെ മുന്നില്‍ അകപ്പെട്ട സംഘം പലവഴിക്കായി ഓടിരക്ഷപ്പെടുകയായിരുന്നു. അരമണിക്കൂറിനുശേഷം മറ്റുള്ള വർ തിരിച്ചെത്തിയപ്പോഴാണ് കാട്ടാന ആക്രമിച്ച നിലയില്‍ കുമാറിനെ കണ്ടത്.
ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ബിന്നി, ശ്രീജിത്ത്, വാച്ചര്‍മാരായ ഫാരിസ്, വിബിന്, അനീഷ് എന്നിവര്‍ ചേര്‍ന്നാണ് കുമാറിനെ കാടിനു പുറത്തെത്തിച്ചത്. വേലൂപ്പാടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
വരന്തരപ്പിള്ളി പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
കുമാർ പത്തുവര്‍ഷത്തിലധികമായി താത്കാലിക വാച്ചറായി ജോലിചെയ്യുകയാണ്. അവിവാഹിതനാണ്.
അമ്മ: അമ്മാളു. സഹോദരങ്ങള്‍: സരുമണി, സൗമ്യ, പരേതനായ സാബു. സംസ്കാരം ഇന്നു രാവിലെ 11ന് എച്ചിപ്പാറ ഉന്നതി ശ്മശാനത്തില്‍.
Kerala
തൃശൂർ: സംസ്ഥാനത്ത് ഒരു ദിവസത്തിന്റെ ഇടവേളയിൽ കാട്ടാന ആക്രമണത്തിൽ മരിച്ചതു രണ്ടു വനംവകുപ്പ് വാച്ചർമാർ. ഇന്നലെ ചിമ്മിനി ഉൾക്കാട്ടിൽ വനംവകുപ്പ് വാച്ചർ എച്ചിപ്പാറ ആദിവാസി ഉന്നതിയിലെ മലയൻ വീട്ടിൽ കുമാർ (42) കൊല്ലപ്പെട്ടു.
പത്താംതീയതി പാലക്കാട് മണ്ണാർക്കാട് കരടിയോട് വനംവകുപ്പ് വാച്ചർ ഷൈജുവാണ് (28) കാട്ടാന ആക്രമണത്തിൽ മരിച്ചത്. ജനവാസമേഖലയിലിറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്.
ഇതോടെ ഈ വർഷം തുടക്കത്തിൽത്തന്നെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം പത്തിനോടടുത്തു. കഴിഞ്ഞവർഷംമാത്രം 19 പേരാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കിഫയുടെ കണക്കുപ്രകാരം 2021 മുതൽ 2025 വരെ 117 പേർക്കാണു കേരളത്തിൽ കാട്ടാനആക്രമണത്തിൽ ജീവൻ നഷ്ടമായത്.
മാർച്ച് ഒന്നിന് അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ പെരിങ്ങൽകുത്ത് പൊകലപ്പാറ ഉന്നതിയിലെ സുന്ദരൻ (55) മരിച്ചു. മാർച്ച് നാലിനു സുൽത്താൻ ബത്തേരി വടക്കനാട് സ്വദേശി രാജീവിനെ (48) കൃഷിയിടത്തിൽ കാട്ടാന കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി.
ഫെബ്രുവരി മൂന്നിനു പീച്ചി മയിലാട്ടുംപാറ തോട്ടുകര പുത്തൻവീട്ടിൽ ഷിജോ (32)യും കാട്ടാന ആക്രമണത്തിൽ മരിച്ചു. 27ന് കണ്ണൂർ ഇരിട്ടി ആറളം ഫാം പത്താംബ്ലോക്കിൽ അനീഷ് (40) കൊല്ലപ്പെട്ടു. വീട്ടുമുറ്റത്തുവച്ചാണ് അനീഷിനെ കാട്ടാന കൊലപ്പെടുത്തിയത്.
ഈ മാസം ഏഴിനു മംഗലംഡാമിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസിയുവതി മല്ലികയ്ക്കു (35) പരിക്കേറ്റിരുന്നു. ഒന്പതിനു പാലക്കാട് കടന്പാറ ഉന്നതിയിലെ മധ്യവയ്സകനായ രംഗസ്വാമിക്കു കാട്ടാന ആക്രമണത്തിൽ ഗുരുതരമായ പരിക്കേറ്റു. മൂന്നാർ മറയൂരിൽ ഈരാറ്റുപേട്ട സ്വദേശികളുടെ കാർ തകർത്തു. അതിരപ്പിള്ളി, തൃശൂരിലെ ചൊക്കന, പീച്ചി, ബത്തേരി, ഇടുക്കി തുടങ്ങി സംസ്ഥാനത്തെ മലയോരമേഖലകളെല്ലാം കാട്ടാനഭീഷണിയിലാണ് കഴിയുന്നത്.
കാട്ടാനയുടെയും വന്യജീവികളുടെയും ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ എണ്ണം ആശങ്കാജനകമായി വർധിക്കുകയാണ്. കേരളത്തിലെ മലയോരമേഖലയിലെ താമസക്കാർ കടുത്ത വന്യജീവിഭീഷണിയാണു നേരിടുന്നത്. കാട്ടാനക്കൂട്ടം വീടും കൃഷികളും വ്യാപകമായി നശിപ്പിക്കുന്നു. ആനകൾ കൂട്ടത്തോടെയെത്തിയാണു കൃഷിനാശമുണ്ടാക്കുന്നത്.
നാശത്തിനനുസരിച്ചുള്ള നഷ്ടപരിഹാരവും ലഭിക്കുന്നില്ല. റബർതോട്ടങ്ങളും മറ്റു കൃഷിത്തോട്ടങ്ങളും ആനകളെയും മറ്റു മൃഗങ്ങളെയും ഭയന്ന് കൃഷിക്കാർ പലയിടത്തും ഉപേക്ഷിക്കുകയാണ്. വൈദ്യുതവേലി അടക്കമുള്ള സംരക്ഷണമാർഗങ്ങളും ഫലപ്രദമാവുന്നില്ല.
Kerala
ഗൂഡല്ലൂർ: കാട്ടാനയുടെ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് നാട്ടുകാർ മൃതദേഹങ്ങൾ വിട്ടുനൽകാതെ സമരം നടത്തി. സ്ത്രീകൾ ഉൾപ്പെടെയുള്ള നൂറുകണക്കിന് ആളുകൾ സമരത്തിൽ പങ്കെടുത്തു.
കാരക്കുന്ന് സ്വദേശികളായ രവി (59), അപ്പി എന്ന ലിംഗരാജ് (62) എന്നിവരുടെ മൃതദേഹങ്ങളാണ് നാട്ടുകാർ തടഞ്ഞുവച്ചത്.
കാട്ടാനശല്യത്തിന് ശാശ്വത പരിഹാരം കാണുക, കാട്ടാനകളെ ഉൾവനത്തിലേക്കു തുരത്തിയോടിക്കുക, ഇരുവരുടെയും മക്കൾക്ക് സർക്കാർ ജോലി നൽകുക, വനാതിർത്തിയിലെ കിടങ്ങ് നിർമാണ പ്രവൃത്തികൾ വേഗത്തിൽ പൂർത്തീകരിക്കുക, ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തിയത്.
ഗൂഡല്ലൂർ ആർഡിഒ ഗുണശേഖരൻ, ഡിഎഫ്ഒ ദേവരാജ്, ഡിവൈഎസ്പി വസന്തകുമാർ, തഹസിൽദാർ മുത്തുമാരി, എംഎൽഎ പൊൻ ജയശീലൻ എന്നിവർ സ്ഥലത്തെത്തി സമരക്കാരുമായി ചർച്ച നടത്തി.
കെ.പി. മുഹമ്മദ് ഹാജി, യൂനുസ് ബാബു, വാർഡ് കൗണ്‍സിലർമാരായ മുകേഷ്, ജോസ്, എച്ച്. നാസർ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു. ചർച്ചയിൽ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന ഉറപ്പിനെത്തുടർന്ന് ഉച്ചയ്ക്ക് 12 ഓടെയാണ് മൃതദേഹങ്ങൾ വിട്ടുനൽകി നാട്ടുകാർ സമരം അവസാനിപ്പിച്ചത്. മൃതദേഹങ്ങൾ ഗൂഡല്ലൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
Kerala
നിലമ്പൂര്‍: ഗൂഡല്ലൂർ ദേവർഷോലയിൽ കാട്ടാന ആക്രമണത്തിൽ രണ്ട് പേർ മരിച്ചു. അയ്യപ്പൻ ലിംഗരാജ്, രവി എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച രാത്രി ഇരുവരും വീട്ടിൽ എത്തിയിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആക്രമണത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
പതിവായി കാട്ടാന ശല്യം ഉള്ള നാടാണ് ദേവർഷോല.
Kerala
സുൽത്താൻ ബത്തേരി: കൃഷിയിടത്തിൽ കാട്ടാന ആക്രമണത്തിൽ യുവകർഷകൻ മരിച്ചു. വടക്കനാട് പച്ചാടി കദങ്ങത്ത് നടുവീട്ടിൽ രാജീവാണ് (38) ചൊവ്വാഴ്ച രാത്രി മരിച്ചത്. രാത്രി കൃഷിയിടത്തിൽ ആനയിറങ്ങിയതറിഞ്ഞ് തുരത്താൻ പോയപ്പോഴാണ് ദാരുണാന്ത്യം.
കാച്ചിൽ കൃഷി ചെയ്യുന്ന വയലിൽ ആനയിറങ്ങിയ വിവരം രാത്രി ഒന്‍പതോടെയാണു പ്രദേശവാസി രാജീവിനെ ഫോണിൽ അറിയിച്ചത്. ഉടൻ കൃഷിയിടത്തിലേക്കു പോയ രാജീവ് രാത്രി 11.30 ആയിട്ടും വീട്ടിൽ തിരിച്ചെത്തിയില്ല. തുടർന്ന് വീട്ടുകാരും അയൽക്കാരും അന്വേഷിക്കുന്നതിനിടെയാണ് കൃഷിയിടത്തിൽ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലാണു മരണം സ്ഥിരീകരിച്ചത്.
പ്രാഥമിക പരിശോധനയിൽ രാജീവിന്റെ ദേഹത്ത് പരിക്കുകളുണ്ടായിരുന്നില്ല. എന്നാൽ, പോസ്റ്റ്മോർട്ടത്തിൽ ആന്തരികാവയവങ്ങൾക്ക് ഗുരുതര പരിക്കേറ്റതായി കണ്ടെത്തി. ഇതോടെയാണ് മരണം കാട്ടാന ആക്രമണത്തിലാണ് എന്നതിൽ സ്ഥിരീകരണമായത്. രാജീവ് വീണുകിടന്ന ഭാഗത്ത് കാട്ടാനയുടെ കാൽപ്പാടുകൾ കണ്ടെത്തിയിരുന്നു.
വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്യാട് റേഞ്ചിൽപ്പെട്ട സ്ഥലമാണു പച്ചാടി. ഇവിടെ ആന ഇറങ്ങിയതറിഞ്ഞ് രാത്രി പത്തോടെ ഫോറസ്റ്റ് പട്രോളിംഗ് ടീം എത്തിയിരുന്നു. ആനയെ കാട്ടിലേക്കു തുരത്തിയശേഷമാണ് ടീം മടങ്ങിയത്. ഇതിനു പിന്നാലെയാണു പച്ചാടിയിൽ ഒരാളെ ആന തട്ടിയെന്നും ആശുപത്രിയിലേക്കു കൊണ്ടുപോയെന്നുമുള്ള വിവരം വനം ഓഫീസിൽ ലഭിച്ചത്.
പരേതനായ കുഞ്ഞച്ചെട്ടി- കാർത്യായനി ദന്പതിമാരുടെ മകനാണ് രാജീവ്. താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങിയ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. രാജീവിന്റെ കുടുംബത്തിന് ആറു ലക്ഷം രൂപ സമാശ്വാസധനം ഉടൻ നൽകുമെന്ന് വനം അധികൃതർ അറിയിച്ചു. സംസ്കാരച്ചെലവിന് 20000 രൂപ അനുവദിച്ചു.
National
റാഞ്ചി: ജാർഖണ്ഡിലെ തിരക്കേറിയ തലസ്ഥാനനഗരിയായ റാഞ്ചിയെ അഞ്ചു മണിക്കൂർ മുൾമുനയിൽ നിർത്തി കാട്ടാനയുടെ വിളയാട്ടം.
റാഞ്ചി വിമാനത്താവളവും ബിർസ ചൗക്കും ചുറ്റി കണ്ട ആനയെ വനംവകുപ്പ് ഉദ്യോഗസ്ഥർ രാവിലെ പത്തോടെ കാടുകയറ്റി. സ്കൂളിലേക്ക് കുട്ടികൾ എത്തുന്ന സമയമായതിനാൽ റോഡുകളിൽ വാഹനങ്ങളുടെ തിരക്കുണ്ടായിരുന്നു.
ഇന്നലെ വെളുപ്പിന് 2.30ന് റാഞ്ചി നഗരത്തിൽനിന്ന് 12 കിലോമീറ്റർ അകലെ വനത്തിലായിരുന്ന കാട്ടാന അഞ്ചോടെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് മാനുഫാക്ചറിംഗ് ടെക്നോളജി കാന്പസിനു സമീപത്തുകൂടി നടന്നുപോകുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
ജനുവരി ആദ്യവാരം മുതൽ 27 പേർ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നാണു സർക്കാർ രേഖകൾ. ഹാലു വനത്തിലെ ധുർവ ഡാം പരിസരത്തുനിന്ന് ആനകൾ കൂട്ടമായി കാടിറങ്ങാറുണ്ട്.
Kerala
ഇരിട്ടി: ആറളം പുനരധിവാസ മേഖലയിൽ കാട്ടാനയുടെ ആക്രമണത്തിൽ കഴിഞ്ഞ 10 വർഷത്തിനിടയിൽ പൊലിഞ്ഞത് 15 ജീവനുകൾ. അധികൃതരുടെ അനാസ്ഥയുടെ ഏറ്റവുമൊടുവിലെ ഇരയാകുകയാണ് അനീഷ്.
ഇന്നു പുലർച്ചെ നാലോടെയാണ് ബ്ലോക്ക് 10 ലെ താമസക്കാരനായ അനീഷിനെ (44) കാട്ടാന തുന്പിക്കൈയിൽ ചുറ്റിയെടുത്ത് അടിച്ചു കൊലപ്പെടുത്തിയത്. പ്രാഥമിക ആവശ്യം നിർവഹിക്കുന്നതിന് അനീഷും ഭാര്യ അമ്പിളിയും വീടിന്റെ മുറ്റത്തേക്ക് ഇറങ്ങിയപ്പോഴാണ് ആക്രമണം.
മുറ്റത്തിന് സമീപത്തുള്ള പ്ലാവിൽ നിന്നും ചക്ക പറിച്ചു തിന്നുകയായിരുന്ന കാട്ടാന അതിവേഗം രണ്ടാൾക്കും നേരേ തിരിയുകയായിരുന്നു. ഉറക്കച്ചടവിലായിരുന്ന ഇരുവരും എന്തുചെയ്യണമെന്നറിയാതെ ഭയന്നുപോയി. ആനയെ കണ്ട് അമ്പിളി ആദ്യം വീടിനുള്ളിലേക്ക് കയറിയെങ്കിലും ഓടുന്നതിനിടയിൽ കാല് തെന്നി അനീഷിന് വേഗത്തിൽ ഓടി മാറാൻ കഴിഞ്ഞില്ല.
വീടിന്റെ പിൻവശത്തേക്ക് ഓടിയെ അനീഷിനെ പിന്തുടർന്നെത്തിയ ആന പിടികൂടുകയായിരുന്നു. അനീഷിനെ തുന്പിക്കൈയിൽ ചുറ്റിയെടുത്ത് മുൻവശത്ത് എത്തിച്ച് കല്ലിൽ അടിക്കുകയായിരുന്നു. വിവരം അറിഞ്ഞ് പ്രദേശവാസികൾ ചേർന്ന് അനീഷിനെ പേരാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മോഴയാനയാണ് ആക്രമിച്ചത്.
അനീഷിന്റെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി പരിയാരം ഗവ. മെഡിക്കൽ കോളജിലേക്ക് മാറ്റി. വെളിമാനം സ്കൂളിലെ വിദ്യാർഥികളായ അനീഷ, ആദികൃഷ്ണൻ എന്നിവർ മക്കളാണ്.
Kerala
കണ്ണൂർ: കണ്ണൂരിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. ആറളം ഫാമിൽ ആണ് പുലർച്ചയോടെ കാട്ടാന ആക്രമണമുണ്ടായത്. പത്താം ബ്ലോക്കിലെ അനീഷ് ആണ് മരിച്ചത്. പുലർച്ചെ നാലോടെ ആണ് ആക്രമണമുണ്ടായത്.
വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന അനീഷിന് നേരെ കാട്ടാന പാഞ്ഞടുക്കുകയായിരുന്നു. മൃതദേഹം പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി. ഒരിടവേളയ്ക്ക് ശേഷം വീണ്ടും കാട്ടാന ആക്രമണം രൂക്ഷമാവുകയാണ്.
National
ചെന്നൈ: സത്യമംഗലം കടുവാസംരക്ഷണ കേന്ദ്രത്തിലെ ഗെർമലം വനസംരക്ഷണ കേന്ദ്രത്തിന് സമീപം കാട്ടാനയുടെ ആക്രമണത്തിൽ കർഷകൻ മരിച്ചു. കടുപസുവൻമലം സ്വദേശി കെ. മാതേവസ്വാമി (65) ആണ് കൊല്ലപ്പെട്ടത്.
വനമേഖലയ്ക്കടുത്ത് സ്വന്തമായി കൃഷിഭൂമിയുള്ള ഇദ്ദേഹം രാത്രിയിൽ വിളകൾക്ക് കാവൽ നിൽക്കുമ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്. മാതേവസ്വാമിയുടെ മൃതദേഹം വനംവകുപ്പ് ഉദ്യോഗസ്ഥർ പോസ്റ്റ്മോർട്ടത്തിനായി അയച്ചു. പോലീസ് കേസ് എടുത്ത് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം, ഗെർമലം വനമേഖലയിൽ ആനക്കൂട്ടം ഭക്ഷണവും വെള്ളവും തേടി കൃഷിയിടങ്ങളിൽ ഇടയ്ക്കിടെ കയറി വിളകൾ നശിപ്പിക്കുന്നുണ്ടെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി. കൂടുതൽ ജീവനുകൾ അപകടത്തിൽപ്പെടുന്നത് ഒഴിവാക്കാൻ ആനകളെ എത്രയും വേഗം കാടുകയറ്റണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരോട് അവർ ആവശ്യപ്പെട്ടു.
Kerala
കോട്ടയം: റംബുട്ടാന്, മാംഗോസ്റ്റിന്, ഡ്രാഗണ്‍ ഫ്രൂട്ട് തുടങ്ങിയ പഴങ്ങളും ഫലങ്ങളും വന്യമൃഗങ്ങള്‍ തിന്നോ, ഒടിച്ചോ നശിപ്പിച്ചാല്‍ വനം, വന്യജീവി വകുപ്പില്‍നിന്ന് നഷ്ടപരിഹാരം ലഭിക്കില്ല. നഷ്ടപരിഹാരത്തിന് നിശ്ചയിച്ച കാര്‍ഷിക ലിസ്റ്റില്‍ ഇവയെ ഉള്‍പ്പെടുത്താത്തതാണ് കാരണം.
കുരങ്ങ്, മലയണ്ണാന്, കരടി, ആന തുടങ്ങിവ പഴങ്ങള്‍ തിന്നു നശിപ്പിച്ചാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയില്ലെന്നാണ് വനം വകുപ്പിന്റെ നിലപാട്. നിറയെ കായുള്ള തെങ്ങ് നശിപ്പിച്ചാല്‍ തേങ്ങ എണ്ണിയല്ല നഷ്ടം നിശ്ചയിക്കുക. ഒരു തേങ്ങയുള്ളതിനും ഇരുനൂറു തേങ്ങയുള്ളതിനും നഷ്ടപരിഹാരം 770 രൂപ. കായിയ്ക്കാത്തതിന് 385, തെങ്ങിന്‍തൈ 110 രൂപ. കുലച്ച വാഴ 110, കുലയ്ക്കാത്തത് 83. എല്ലാ വാഴയിനങ്ങള്‍ക്കും നഷ്ടപരിഹാരനിരക്ക് ഒന്നുതന്നെ. ടാപ്പിംഗ് റബറിന് 330, തൈ റബര്‍ 220. കായിച്ച കശുമാവ് 165, കായില്ലാത്തത് 110. ഒരു ഹെക്ടറിലെ നെല്ല് നശിപ്പിച്ചാല്‍ സഹായം 11,000.
കായിട്ട കവുങ്ങിന് 165, തൈക്ക് 110. കൊക്കോ, കാപ്പി 110 രൂപ. കുരുമുളക് ചെടി 83, ഇഞ്ചി (10 സെന്റ്) 165, മഞ്ഞള്‍ (10 സെന്റ്) 132, രണ്ടു മാസമായ കപ്പ 165, പച്ചക്കറി (10 സെന്റിന്) 220, കായുള്ള കവുങ്ങ് 440, തൈക്കവുങ്ങ് 165, ഗ്രാമ്പു 220, ഏലം (ഹെക്ടറിന്) 2750, വെറ്റില (സെന്റിന്) 330, എള്ള് (അരയേക്കര്‍) 1320, നിലക്കടല (ഹെക്ടറിന്) 2200, ധാന്യങ്ങള്‍ (ഹെക്ടറിന്) 1100, കിഴങ്ങിനങ്ങള്‍ (10 സെന്റിന്) 165, കരിമ്പ് (ഹെക്ടറിന്) 2750, പൈനാപ്പിള്‍ (10 സെന്റ്) 825, തീറ്റപ്പുല്ല് (10 സെന്റ്) 165, മള്‍ബറി (50 സെന്റ്) 825, പുകയില (10 സെന്റ്) 1650 എന്ന നിരക്കിലാണ് നഷ്ടപരിഹാരം.
തുക ലഭിക്കണമെങ്കില്‍ നഷ്ടം തെളിയിക്കുന്ന ഫോട്ടോകള്‍, കൈവശാവകാശ രേഖ, കരം അടച്ച രസീത് തുടങ്ങി വിവിധ രേഖകള്‍ സമര്‍പ്പിക്കണം. പല ഘട്ടങ്ങളിലായാണ് നാശമെങ്കില്‍ ഓരോ ദിവസത്തെയും അപേക്ഷ പ്രത്യേകം നല്‍കണം. മലയണ്ണാന് കരിക്ക് അപ്പാടെ തുരന്ന് കുടിക്കുകയാണ് പതിവ്.
വിളവെത്തി എന്ന പ്രതീക്ഷയില്‍ കുല വെട്ടിയിടുമ്പോഴാണ് തേങ്ങയില്‍ കാമ്പില്ലെന്നറിയുക. തേങ്ങയ്ക്കും അടയ്ക്കയ്ക്കും മാത്രമായി നഷ്ടപരിഹാരം ലഭിക്കില്ല. കുരങ്ങും കരടിയും മറ്റും തേങ്ങ പിരിച്ച് സ്ഥലം വിടുകയാണ് പതിവ്.
സര്‍ക്കാരിന്റെ നഷ്ടപരിഹാരം തുച്ഛമാണെന്നു മാത്രമല്ല വാങ്ങിയെടുക്കാന്‍ കടമ്പകളേറെയുണ്ട്, കാലതാമസവും.
Kerala
കണ്ണൂർ: കഴിഞ്ഞ അഞ്ചുവർഷത്തിനിടെ സംസ്ഥാനത്ത് വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവർ 358. ഇതിൽ, 294 പേരും കൊല്ലപ്പെട്ടത് കാട്ടാനയാക്രമണത്തിൽ. 52 പേർ കാട്ടുപന്നി ആക്രമണത്തിലും കൊല്ലപ്പെട്ടു. പരിക്കേറ്റവരുടെ എണ്ണം 1204. 2021 ജനുവരി മുതൽ 2026 ഫെബ്രുവരി 16 വരെയുള്ള കണക്കുകളാണ് കേരള ഇൻഡിപെൻഡൻസ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ) പുറത്തുവിട്ടത്.
കഴിഞ്ഞ അഞ്ചുവർഷത്തിനിടെ വന്യജീവി ആക്രമണം തടയാൻ സർക്കാരോ വനംവകുപ്പോ ഒന്നും ചെയ്തില്ലെന്നാണ് ഉയരുന്ന മരണനിരക്ക് സൂചിപ്പിക്കുന്നത്. ആന, കാട്ടുപന്നി എന്നിവയ്ക്ക് പുറമെ കാട്ടുപോത്ത്, കടുവ എന്നിയുടെ ആക്രമണത്തിലും മനുഷ്യർ കൊല്ലപ്പെട്ടിട്ടുണ്ട്. 2025 ലാണ് ഏറ്റവും കൂടുതൽ പേർ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുള്ളത്. 117 പേരാണ് മരിച്ചത്. കാട്ടാനകളുടെ ആക്രമണത്തിൽ മാത്രം 35 പേർ കൊല്ലപ്പെട്ടു.
സംസ്ഥാനത്ത് 75 നിയമസഭാ മണ്ഡലങ്ങളുടെ പരിധിയിലുള്ള 273 പഞ്ചായത്തുകളിലാണ് വന്യജീവി ആക്രമണങ്ങൾ നടക്കുന്നത്. ഇതിൽ 30 പഞ്ചായത്തുകൾ ഹോട്ട് സ്പോട്ടുകളാണ്. ഹോട്ട് സ്പോട്ട് പഞ്ചായത്തുകളെത്തന്നെ തീവ്രസംഘർഷ ബാധിത പ്രദേശമെന്നും സംഘർഷബാധിത പ്രദേശമെന്നും രണ്ടായി തിരിച്ചിട്ടുണ്ട്. ഈ മേഖലകളിൽ വന്യമൃഗങ്ങളുടെ ആക്രമണം ഒഴിവാക്കാൻ സോളാർ വേലിക്കു പുറമേ, വന്യമൃഗങ്ങൾ മനുഷ്യവാസ കേന്ദ്രങ്ങളിലേക്ക് അലഞ്ഞുതിരിയുന്നത് തടയാൻ റെയിൽ വേലി, ആനക്കിടങ്ങ്, ആനമതിലുകൾ എന്നിവയും നിർമിക്കുമെന്ന് പറഞ്ഞിരുന്നു.
ചിലയിടങ്ങളിൽ നിർമാണം പാതിവഴിയിലാണ്. ചിലയിടത്ത് പദ്ധതി പ്രഖ്യാപിച്ചതല്ലാതെ അധികൃതർ തിരിഞ്ഞുനോക്കിയിട്ടില്ല. വേനൽ കടുക്കുന്പോൾ കാടിനുള്ളിൽ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നതോടെ ആനകൾ ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ നാട്ടിലേക്ക് വരുന്നതിന്റെ എണ്ണം വർധിക്കാനാണു സാധ്യത. അതിനാൽ, വന്യജീവികളുടെ കടന്നുവരവ് തടയാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് കിഫ ഉൾപ്പെടെയുള്ള കർഷക സംഘടനകളുടെ ആവശ്യം.
Kerala
തൃശൂർ: തൃപ്രയാറിൽ ലോറിയിൽനിന്ന് ഇറക്കുന്നതിനിടെ ഓടിയ ആന പ്രദേശത്തു ഭീതിപരത്തി. കിഴക്കേനട രാജവീഥിറോഡിൽ ഇന്ന് പുലർച്ചെ അഞ്ചോടെയാണു സംഭവം ദേവി നന്ദൻ എന്ന ആനയാണ് ഓടിയത്.
ഓട്ടത്തിനിടെ ആന വീടുകളുടെ ഗേറ്റ് തകർത്തു. നിരവധി തെങ്ങുകൾ മറിച്ചിട്ടു. ആനയെ പിന്നിട്ടു തളച്ചു.
Kerala
ഇരിട്ടി: കണ്ണൂരിലെ ഇരിട്ടിയിൽ ജനവാസമേഖലയിലിറങ്ങി കാട്ടാന. ഇരിട്ടി ടൗണിനോട് ചേർന്ന് ജബ്ബാർക്കടവ് പാർക്കിന് സമീപമാണ് കാട്ടുകൊമ്പൻ എത്തിയത്.
ഇന്ന് പുലർച്ചെയാണ് ജബ്ബാർ കടവ് പാർക്കിന് സമീപം പഴശി റിസർവോയറിലെ വെള്ളത്തിൽ കുളിക്കുന്ന നിലയിൽ കൊമ്പനെ പ്രദേശവാസികൾ കാണുന്നത്. പിന്നാലെ കൊമ്പനെ തുരത്തുന്നതിനുള്ള നടപടികൾ വനംവകുപ്പ് അധികൃതർ ആരംഭിച്ചു.
പായം പഞ്ചായത്തിന്റെ പരിധിയിൽ നിന്നും ആനയെ ആറളം പഞ്ചായത്തിലൂടെ തുരത്തി ഫാമിൽ എത്തിക്കാനാണ് അധികൃതർ ശ്രമിച്ചത്. കൂടുതൽ പ്രതിരോധം സൃഷ്ടിക്കാതെ രാവിലെ ഒമ്പതോടെ തന്നെ കൊമ്പനെ തുരത്തി ആറളം ഫാമിൽ എത്തിച്ചു. വനം വകുപ്പും ആർആർടിയും സംയുക്തമായാണ് ദൗത്യത്തിന് നേതൃത്വം നൽകിയത്.
ആന ജനവാസ മേഖലയിൽ ഇറങ്ങുന്നത് പതിവാകുന്നു
പായം , ആറളം , മുഴക്കുന്ന് പഞ്ചായത്തുകളിലെ ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങി ഭീതി സൃഷ്ടിക്കുന്നത് പതിവായിരിക്കുകയാണ് . ആറളം ഫാമിൽ നിലയുറപ്പിച്ചിരിക്കുന്ന ആനകളാണ് ഇത്തരത്തിൽ ജനവാസ മേഖലയിൽ ഇറങ്ങുന്നത് .
ഫാമിൽ തമ്പടിച്ചിരുന്ന ആനകളെ കാട്ടിലേക്ക് തുരത്തണം എന്ന ആവശ്യം ശക്തമാണെങ്കിലും ഓപ്പറേഷൻ ഗജമുക്തി കാര്യക്ഷമമായി നടപ്പിലാക്കുന്നില്ല എന്ന ആക്ഷേപം വ്യാപകമാണ് . പുഴയിലൂടെയാണ് ആനകൾ ജനവാസ മേഖലയിൽ ഇറങ്ങുന്നത് .
ഫാമിൽ നിന്നും ആനകളെ തുരത്തിയില്ലെങ്കിൽ ജനവാസ മേഖലയിൽ ഇറങ്ങി കൃഷിനാശം ഉൾപ്പെടെയുള്ള ഭീഷണികൾ തുടർന്നുകൊണ്ടേയിരിക്കും.
National
ന്യൂഡൽഹി: ഒന്‍പത് ദിവസത്തിനുള്ളിൽ 22 പേരുടെ ജീവനെടുത്ത കാട്ടാനയെ തുരത്താൻ ‘അടിയന്തരാവസ്ഥ’ പ്രഖ്യാപിച്ച് ജാർഖണ്ഡ്.
ജാർഖണ്ഡിലെ പശ്ചിമ സിംഗ്ഭും ജില്ലയിൽ ജനുവരി ആദ്യം മുതൽ ആക്രമണം നടത്തുന്ന അതീവ അപകടകാരിയായ ആനയെ മെരുക്കാനാണു സർക്കാരിന്റെ അഭൂതപൂർവമായ നടപടി.
ദിവസേന 30 കിലോമീറ്ററോളം സഞ്ചരിക്കുന്ന കാട്ടാനയെ പിന്തുടരാനും പിടികൂടാനുമായി നൂറോളം പേരെ വനംവകുപ്പ് വിന്യസിച്ചിട്ടുണ്ട്. ഒറ്റക്കൊന്പുള്ള കാട്ടാനയെ തുരത്താൻ മയക്കുവെടി പരീക്ഷിച്ചെങ്കിലും വിജയിച്ചിട്ടില്ല.
കാട്ടാന മദം പൊട്ടി നിൽക്കുകയാണെന്ന് അധികൃതർ സംശയിക്കുന്നു. കൊന്പനാനകളിൽ പുരുഷ ഹോർമാണായ ടെസ്റ്റോസ്റ്റിറോണ്‍ കൂടുന്പോഴാണ് മദം പൊട്ടുന്നതായി വിശേഷിപ്പിക്കുന്നത്. സാധാരണയേക്കാൾ 60 ഇരട്ടി ടെസ്റ്റോസ്റ്റിറോണുകൾ ആനയുടെ ശരീരത്ത് ഉണ്ടാകുന്പോൾ അവ കൂടുതൽ അക്രമകാരിയാകുന്നു.
സാധാരണയായി രണ്ടുമുതൽ മൂന്നു മാസം വരെയാണ് ഇതു നിലനിൽക്കുന്നത്. കാട്ടാനയെ കണ്ടെത്താനായി മറ്റു മൂന്ന് സംസ്ഥാനങ്ങളിലെ വന്യജീവി വിദഗ്ധരെയും നിയോഗിച്ചിട്ടുണ്ടെങ്കിലും ആനയുടെ ക്രമരഹിതമായ ചലനം മൂലം പിന്തുടരാൻ പ്രയാസമാണെന്നാണ് അധികൃതർ വിശദീകരിക്കുന്നത്.
Kerala
തൊടുപുഴ: വണ്ണപ്പുറം പഞ്ചായത്തിലെ മുള്ളരിങ്ങാട് അമയല്‍തൊട്ടിക്കു സമീപം ജനവാസ മേഖലയിലിറങ്ങിയ കാട്ടാന വീടു തകര്‍ത്തു. കൂറ്റന്‍ മരം കാട്ടാന വീടിനു മുകളിലേക്ക് മറിച്ചിടുകയായിരുന്നു. മരം വീണതിനെത്തുടര്‍ന്നു വീട് പൂര്‍ണമായും തകര്‍ന്നു.
നരിതൂക്കില്‍ ജോണിയുടെ വീടാണ് തകര്‍ന്നത്. ഇന്നു പുലര്‍ച്ചെ നാലരയോടെയായിരുന്നു സംഭവം. പകല്‍ സമയം വീട്ടില്‍ ആളുണ്ടായിരുന്നെങ്കിലും കാട്ടാന ഭീതിയെത്തുടര്‍ന്ന് ഇന്നലെ രാത്രി ആരും തങ്ങാതിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി. വലിയ തോതില്‍ കാട്ടാന ഭീഷണി നില നില്‍ക്കുന്നയിടമാണ് മുള്ളരിങ്ങാട് മേഖല.
2024 ഡിസംബര്‍ 29ന് അമയല്‍തൊട്ടി സ്വദേശി പാലിയത്ത് ഇബ്രാഹിമിന്റെ മകന് അമര്‍ ഇബ്രാഹിം (22) കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. സുഹൃത്ത് ബ്ലാങ്കരയില്‍ മന്‍സൂറിന് (41) പരിക്കേല്‍ക്കുകയും ചെയ്തു. ഇവിടെനിന്ന് 500 മീറ്റര്‍ മാത്രം ദൂരെയാണ് ഇപ്പോള്‍ കാട്ടാന ആക്രമണമുണ്ടായിരിക്കുന്നത്. വലിയ ശബ്ദം കേട്ടെങ്കിലും ഭീതി മൂലം ആളുകള്‍ പുറത്തിറങ്ങിയില്ല.
നേരം പുലര്‍ന്ന ശേഷം പ്രദേശവാസികള്‍ എത്തിയപ്പോഴാണ് വീടു തകര്‍ന്നു കിടക്കുന്നതു കണ്ടത്. കാട്ടാനയെ പ്രതിരോധിക്കാനുള്ള വൈദ്യുത വേലിയോടു ചേര്‍ന്നുനിന്ന മരമാണ് ആന മറിച്ചിട്ടത്. വൈദ്യുത വേലിയും തകര്‍ന്നിട്ടുണ്ട്. ഒട്ടേറെ മരങ്ങളും കാര്‍ഷിക വിളകളും തകര്‍ത്ത ശേഷമാണ് കാട്ടാന പിന്‍വാങ്ങിയത്. സംഭവമറിഞ്ഞ് കോതമംഗലം ഡിഎഫ്ഒ ഉള്‍പ്പെടെ വനംവകുപ്പുദ്യോഗസ്ഥരും പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് അറയ്ക്കത്തോട്ടവും ജന പ്രതിനിധികളും റവന്യു അധികൃതരും സ്ഥലത്തെത്തി.
Kerala
കോതമംഗലം: കോട്ടപ്പടി വാവേലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വീടിന്റെ ജനാലകൾ തകർന്നു. കുളപ്പുറം അനീഷിന്റെ വീടിന്റെ ജനാലകളാണ് ആന കൊന്പുകൊണ്ട് കുത്തിത്തകർത്തത്.
ഇന്നലെ പുലർച്ചെ മൂന്നോടെയാണ് കാട്ടാനക്കൂട്ടം വാവേലിയിൽ ജനവാസ മേഖലയിൽ എത്തിയത്. ആറ് ആനകൾ ഉണ്ടായിരുന്നു.
സംഭവസമയം അനീഷിന്റെ മാതാവ് ഓമന മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവരുടെ കൃഷിയിടത്തിലും ആനക്കൂട്ടം നാശനഷ്ടം വരുത്തിയിട്ടുണ്ട്.
കാട്ടാന ആക്രമണത്തിനെതിരേ വനംവകുപ്പ് അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് പ്രദേശവാസികൾ ആരോപിച്ചു.
Kerala
ഇടുക്കി: കാപ്പിക്കുരു പറിക്കുന്നതിനിടെ വയോധികനെ കാട്ടാന ആക്രമിച്ചു. ഇടുക്കി മാങ്കുളത്തുണ്ടായ സംഭവത്തിൽ പരിക്കേറ്റ താളുകണ്ടംകുടി സ്വദേശി പി.കെ.സതീശനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നിലത്തുവീണ സതീശനെ ആന ചവിട്ട പരിക്കേൽപ്പിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന തൊഴിലാളികള്‍ കാട്ടാനയെ തുരത്തിയശേഷം സതീശനെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
തുടർന്ന് വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി. ആനക്കൂട്ടത്തെ കാടുകയറ്റാനുള്ള ശ്രമം ആരംഭിച്ചെന്ന് അധികൃതർ പറഞ്ഞു. പ്രദേശത്ത് വന്യമൃഗങ്ങളുടെ ആക്രമണം രൂക്ഷമാണെന്നും അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും ആരോപണമുണ്ട്.
Kerala
കാലടി: കാലടി പ്ലാന്റേഷൻ അതിരപ്പിള്ളി എസ്റ്റേറ്റ് ടിഎസ്ആർ ഫാക്ടറിക്കു സമീപമുള്ള ശിവക്ഷേത്രത്തിനും സമീപത്തെ തൊഴിലാളികളുടെ ക്വാർട്ടേഴ്സുകൾക്കും നേരേ കാട്ടാന ആക്രമണം. ക്ഷേത്രത്തിന്റെ ശ്രീകോവിൽ കട്ടിളയും ഓഫീസിന്റെ വാതിലും തകർത്ത ആനകൾ അകത്തുണ്ടായിരുന്ന സാധനങ്ങൾ വലിച്ചുവാരി പുറത്തെറിഞ്ഞു.
ക്ഷേത്രത്തിനു തൊട്ടടുത്തുള്ള രാജേന്ദ്രൻ, ഷാജി എന്നിവരുടെ ക്വാർട്ടേഴ്സുകൾക്കുനേരേയാണ് ആക്രമണമുണ്ടായത്. ക്വാർട്ടേഴ്സിലെ സാധനസാമഗ്രികൾ നശിപ്പിച്ചു. ഒരു മാസം മുമ്പ് ഇതേ പ്രദേശത്തെ പള്ളിയും കാട്ടാനകൾ ആക്രമിച്ചിരുന്നു.
ടിഎസ്ആർ ക്വാർട്ടേഴ്സ് പരിസരത്ത് ആനഭീഷണി രൂക്ഷമായതിനെത്തുടർന്ന് അറുപതോളം കുടുംബങ്ങളാണ് ഇതിനകം സ്ഥലം മാറിപ്പോയത്. നിലവിൽ ഇവിടെയുള്ള തൊഴിലാളികൾ രാത്രികാലങ്ങളിൽ വെറ്റിലപ്പാറ ഭാഗത്തെ വാടകവീടുകളിലാണ് അന്തിയുറങ്ങുന്നത്. അതുകൊണ്ടുതന്നെയാണ് വലിയൊരു ദുരന്തം ഒഴിവായത്.
ലയങ്ങൾക്കു ചുറ്റും പവർ ഫെൻസിംഗ് സ്ഥാപിക്കണമെന്ന് തൊഴിലാളികളും യൂണിയനുകളും പലതവണ ആവശ്യപ്പെട്ടെങ്കിലും പ്ലാന്റേഷൻ മാനേജ്മെന്റ് ഇതുവരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.
തുടർച്ചയായ കാട്ടാന ആക്രമണങ്ങൾ മൂലം കോർപറേഷനു വലിയ സാമ്പത്തികനഷ്ടമാണ് ഉണ്ടാകുന്നത്. പ്രദേശത്തു വനപാലകരും വാച്ചർമാരും കാട്ടാനക്കൂട്ടത്തെ തുരത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും സംഘത്തിൽ അംഗബലം കുറവായതിനാലും പല സ്ഥലങ്ങളിലായി ആന ഇറങ്ങുന്നതുകൊണ്ടും അവരും നിസഹായരാണ്.
Kerala
ഇടുക്കി: മൂന്നാറിൽ കാർ യാത്രക്കാരെ വിരട്ടി കാട്ടുകൊമ്പൻ. ഇന്നു രാവിലെ നല്ലതണ്ണി റോഡിലായിരുന്നു സംഭവം. മൂന്നാർ ടൗണിൽനിന്നു രണ്ടര കിലോമീറ്റർ ദൂരെ ഡോക്ടേഴ്സ് ബംഗ്ലാവിലേക്കു പോകുന്ന വഴിയിലാണ് ആനയെക്കണ്ട് വഴിയിൽ ഒതുക്കിയ കാറിനു സമീപത്തുകൂടി ചിന്നംവിളിച്ച് ആന കടന്നുപോയത്.
കഴിഞ്ഞ കുറെ ദിവസമായി പടയപ്പ എന്ന കൊമ്പനും മറ്റു ചില കൊമ്പൻമാരും മൂന്നാറിന്റെ പല ഭാഗത്തും റോഡിൽ ഇറങ്ങുന്നുണ്ട്. പടയപ്പ ഇടയ്ക്കിടെ ആക്രമണങ്ങളും നടത്തുന്നുണ്ട്. സഞ്ചാരികൾ ഏറ്റവും കൂടുതൽ എത്തിക്കൊണ്ടിരിക്കുന്ന സമയത്താണ് ആനകളുടെ നാട്ടിലേക്കുള്ള ഇറക്കം.
ആനകളെ ടൗണിൽനിന്നു തുരത്തണമെന്ന് നാട്ടുകാരും വ്യാപാരികളുമെല്ലാം തുടർച്ചയായി ആവശ്യപ്പെട്ടുവരികയാണ്. പടയപ്പ വീടുകൾക്കു നേരെയും കടകൾക്കു നേരെയും ആക്രമണം നടത്തുന്ന നിരവധി സംഭവങ്ങൾ കഴിഞ്ഞ കാലങ്ങളിലും റിപ്പോർട്ട് ചെയ്തിരുന്നു.
Kerala
കല്‍പ്പറ്റ: വയനാട് തിരുനെല്ലിയില്‍ കാട്ടാന ആക്രമണത്തിൽ ആദിവാസി മധ്യവയസ്ക കൊല്ലപ്പെട്ടു. അപ്പപ്പാറ ചെറുമാതൂര്‍ ഉന്നതിയിലെ ചാന്ദിനി(65) ആണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെയാണ് ആക്രമണം നടന്നതെന്നാണ് സംശയം. വനമേഖലയ്ക്കരികിലെ റോഡിലാണ് മൃതദേഹം കണ്ടത്. മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Kerala
ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ ജനവാസ മേഖലയിൽ കാട്ടുകൊമ്പന്റെ പരാക്രമം. വീടുകളടക്കം നശിപ്പിച്ചു. ഇന്നലെ പുലർച്ചെ മുതലാണ് സംഭവത്തിനു തുടക്കം. പുലർച്ചെ അഞ്ചോടെ അങ്ങാടിക്കടവ് സ്കൂളിന് സമീപം കണ്ട കൊമ്പൻ പിന്നീട് വലിയപറമ്പിൻകരി ആശാൻ കുന്നിലെ റബർ തോട്ടത്തിൽ നിലയുറപ്പിക്കുകയായിരുന്നു.
വനം വകുപ്പ്, ആർആർടി, പോലീസ് ഉൾപ്പെടെയുള്ള സംഘം സ്ഥലത്തെത്തി ആനയെ നിരീക്ഷിച്ചു. പാറയ്ക്കാമല മേഖലയിൽനിന്ന് എത്തിയ കൊമ്പനാണ് രാത്രി വൈകിയും തിരികെ പോകാതെ മേഖലയിൽ പരിഭ്രാന്തി പരത്തുന്നത്.
പ്രദേശവാസികൾ വീടിനു വെളിയിൽ ഇറങ്ങരുതെന്ന് പഞ്ചായത്ത് കർശന നിർദേശം നൽകി. മേഖലയിൽ ഉച്ചഭാഷിണിയിലൂടെ പ്രദേശവാസികൾക്കു മുന്നറിയിപ്പ് നൽകി. ആന കടന്നുപോകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ പോലീസും വനം വകുപ്പ് അധികൃതരും കാവൽ ഏർപ്പെടുത്തി.
മൂന്നരയോടെ ആരംഭിച്ചു
ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നരയോടെ ആശാൻകുന്നിൽ നിലയുറപ്പിച്ച ആനയെ വനം ആർആർടി സംയുക്ത ടീം തുരത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചു . ജനവാസ മേഖലയായ ഇവിടം വനത്തിനോട് ചേർന്ന പ്രദേശം ആയതുകൊണ്ട് ഇതുവഴി വനത്തിലേക്കു കടത്തിവിടാൻ ശ്രമിക്കുന്നതിനിടെ ഈന്തുംകരി അടിവാരത്തിനു സമീപം റോഡ് മുറിച്ചുകടക്കാതെ ആന അക്രമാസക്തമാകുകയായിരുന്നു.
ഇവിടെ രണ്ടു വീടുകളുടെ ഷെഡും ഒരു മെഷീൻ പുരയും ആന തകർത്തു. കുരിശുംമൂട്ടിൽ ചാക്കോ, പുത്തൻ പുരയ്ക്കൽ റോയി എന്നിവരുടെ വീടിന്റെ ഷെഡുകളും വട്ടുകുളം ബിജോയിയുടെ മെഷീൻ പുരയുമാണ് തകർത്തത്.
ആറരയോടെ നിർത്തി
അക്രമാസക്തനായ ആനയെ രാത്രി വൈകി തുരത്തുക പ്രയാസമായതിനാൽ 6.30 ഓടെ അധികൃതർ തുരത്തൽ ശ്രമം നിർത്തുകയായിരുന്നു. വെളിച്ചക്കുറവും പരിചയമില്ലാത്ത കുന്നിൻ പ്രദേശവും തുരത്തലിനു തടസമായി.
ആന രാത്രിയോടെ വന്ന വഴിയിലൂടെതന്നെ തിരിച്ചുപോകുമെന്നാണ് വനം വകുപ്പ് അധികൃതരുടെ കണക്കുകൂട്ടൽ. ജനങ്ങൾ വെളിയിൽ ഇറങ്ങി ശബ്ദവച്ചതും കൂട്ടം കൂടി നിന്നതും പലപ്പോഴും അധികൃതർക്ക് വലിയ വെല്ലുവിളി ആയിരുന്നു. രണ്ട് തവണ റോഡ് മുറിച്ചു കടക്കാൻ വന്ന ആന തിരികെ പോയത് ജനങ്ങൾ കൂട്ടമായി നിന്ന് ശബ്ദം ഉണ്ടാക്കിയതുകൊണ്ടാണെന്ന് അവർ പറയുന്നു.